നാറ്റക്കേസായി കൊച്ചി മെട്രോയുടെ മണ്ണില്ലാക്കൃഷി; ദുർഗന്ധം അൽപ നേരത്തേയ്ക്ക് മാത്രമെന്നു കരാറുകാർ

Mail This Article
കൊച്ചി ∙മെട്രോയുടെ മണ്ണില്ലാ കൃഷി നാറ്റേക്കേസായി. എസ്എ റോഡിൽ എളംകുളം പാലത്തിനു സമീപത്തുകൂടെ യാത്ര ചെയ്താൽ ഇൗ നാറ്റക്കഥ എളുപ്പം മനസ്സിലാകും. മെട്രോ മീഡിയൻ മനോഹരമാക്കാൻ മണ്ണില്ലാ കൃഷിയിലൂടെ ചെടികൾ വച്ചുപിടിപ്പിക്കാൻ കെഎംആർഎൽ ഏൽപിച്ച ഏജൻസിയാണു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ദുർഗന്ധം പരന്നതോടെ നാട്ടുകാരുടെ ആവശ്യ പ്രകാരം പൊലീസ് പരിശോധിച്ചപ്പോഴാണു ദുർഗന്ധത്തിനുള്ള കാരണം കണ്ടെത്തിയത്. രണ്ടു പാലങ്ങളുടെയും റോഡിന്റെയും ഇടയിലുള്ള സ്ഥലത്തു മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളി അതിനു മുകളിൽ ചകിരിച്ചോർ വിരിച്ച് ഒരുമാസത്തോളം മൂടിയിട്ടാണ് ഇവിടെ കംപോസ്റ്റ് ഉണ്ടാക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
കംപോസ്റ്റ് ചാക്കുകളിൽ നിറയ്ക്കാൻ കോരിയിളക്കുമ്പോഴാണു രൂക്ഷഗന്ധം ഉയരുന്നതെന്നും പ്രശ്നത്തിനു പരിഹാരം കാണണമെന്നും ജനശ്രീ മിഷൻ വൈറ്റില മണ്ഡലം ചെയർമാൻ എം.എക്സ്. സെബാസ്റ്റ്യൻ കെഎംആർഎൽ എംഡിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മാലിന്യവും ചകിരിച്ചോറും ഉപയോഗിച്ചു മണ്ണില്ലാതെ മെട്രോ മീഡിയനുകളിൽ ചെടികൾ വളർത്തുന്ന പദ്ധതിയാണ് ഇതെന്നു കരാറുകാരായ പെലിക്കൻ കെൻറ്റേറ അറിയിച്ചു.
ഫ്ലാറ്റുകളിലെ ജൈവ മാലിന്യം അവിടെ വച്ചുതന്നെ ചകിരിച്ചോർ ചേർത്തു വളമാക്കി മീഡിയനുകളിൽ ഇടുകയാണെന്നും ചാക്കിൽ നിന്നു വളം പുറത്തിടുമ്പോൾ മാത്രമാണു കുറച്ചുനേരത്തേക്കു മണമുണ്ടാകുന്നത് എന്നാണു കരാറുകാർ പറയുന്നത്. ജോസ് ജംക്‌ഷൻ മുതൽ സെൻട്രൽ മാൾ വരെ 30 മെട്രോ പില്ലറിനിടയിൽ കംപോസ്റ്റ് നിറച്ചു ചെടികൾ നടാനും എളംകുളം മുതൽ ജനതാ റോഡ് വരെ 20 പില്ലറിനിടയിൽ ചെടികൾ നടാനും കരാറുണ്ടെന്നും 5 വർഷമായി ഇതു നടന്നുവരികയാണെന്നും കരാറുകാർ പറഞ്ഞു.