കൊച്ചങ്ങാടി ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും

Mail This Article
പെരുമ്പാവൂർ ∙ജല അതോറിറ്റിയുടെ പൈപ്പ് വീണ്ടും പൊട്ടി. നഗരത്തിലും വെങ്ങോല പഞ്ചായത്തിലും ശുദ്ധജല വിതരണം മുടങ്ങി. ഇന്നും വെള്ളം ലഭിക്കില്ല.വല്ലത്തെ പമ്പ് ഹൗസിൽ നിന്നു കാഞ്ഞിരക്കാട് ജല ശുദ്ധീകരണ ശാലയിലേക്കുള്ള 400 എംഎം പമ്പിങ് മെയിൻ പൈപ്പ് കൊച്ചങ്ങാടി ഭാഗത്താണു പൊട്ടിയത്. ഇന്നലെ വൈകിട്ടോടെ അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും പൂർത്തിയാകാത്തതിനാൽ ഇന്നും കുടിവെള്ള വിതരണം മുടങ്ങും. പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണു ജലവിതരണത്തിന് ഉപയോഗിക്കുന്നത്. ഇതു നിരന്തരം പൊട്ടുന്നതു മൂലം നഗരത്തിലും വെങ്ങോല പഞ്ചായത്തിലും ശുദ്ധജല വിതരണം മുടങ്ങുന്നതു പതിവാണ്.
വല്ലത്തെ പമ്പ് ഹൗസിൽ നിന്നു കാഞ്ഞിരക്കാട് ശുദ്ധീകരണ ശാലയിൽ എത്തിച്ചു നഗരത്തിലെ ടാങ്കിൽ സംഭരിച്ചു പെരുമ്പാവൂരിലും ചൂണ്ടമലപ്പുറത്തെ ടാങ്കിൽ സംഭരിച്ചു വെങ്ങോലയിലും ജലവിതരണം നടത്തുകയാണു ചെയ്യുന്നത്. പമ്പിങ് മെയിൻ പൈപ്പ് തന്നെ പൊട്ടിയതിനാൽ ശുദ്ധീകരണ പ്ലാന്റിലേക്കു വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥയായി. കെ.ഹരിഹരയ്യർ റോഡിൽ അടുത്തയിടെയാണ് അമൃത് പദ്ധതി പ്രകാരം ഇരുമ്പ്് പൈപ്പുകൾ സ്ഥാപിച്ചത്.