വീണ്ടും അരങ്ങിലേക്ക് മാസ് തിയറ്റേഴ്സ്
Mail This Article
അങ്കമാലി ∙ നാട്ടുകാരുടെ കൂട്ടായ്മയിലും സഹായത്താലും നായത്തോടിന്റെ നാടകപാരമ്പര്യം കൈവിടാതെ മാസ് തിയറ്റേഴ്സ്. നായത്തോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ ഏകദേശം 50 വർഷത്തിൽ ഏറെയായി കലാ രംഗത്ത് പ്രവർത്തിക്കുന്ന മാസ് തിയറ്റേഴ്സ് നാടക സമിതി വീണ്ടും അരങ്ങിലേക്ക്.മാസ് തിയറ്റേഴ്സ് നാടക പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷമാണു പുനരുജ്ജീവിപ്പിച്ചത്.
1980കളിൽ ഇടവകാംഗങ്ങൾ ചേർന്നു രൂപം നൽകിയ നാടകസംഘം 1980–90 കാലത്ത് പരിസര പ്രദേശങ്ങളിലെ പെരുന്നാളുകളിലും ഉത്സവങ്ങളിലും പ്രതിഫലം വാങ്ങാതെ നാടകം അവതരിപ്പിച്ചിരുന്നു.ഇത്തവണത്തെ പ്രധാന പെരുന്നാൾ ദിനമായ 12ന് വൈകിട്ട് 7.30 ന് പള്ളി ഹാളിൽ ‘ജ്വലനം’ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്.വർഷങ്ങൾ മുൻപ് അരങ്ങത്തുണ്ടായിരുന്ന പൗലോസ് കുറുപ്പനും സൈമൺ തേയ്ക്കാനത്തും ടോം ജോസ് കൂരനും അഭിനയിക്കുന്നുണ്ട്.
മാസ് തിയറ്റേഴ്സിന്റെ തുടക്കക്കാരിൽ ഒരാളായ മേനാച്ചേരി എം.വി.താരപ്പന്റെ മകൻ ജിനോയ് താരപ്പൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നാടകത്തിൽ പുതിയ തലമുറ നടന്മാരായ ജൂബി അരീക്കൽ, ജോൺസൻ തേയ്ക്കാനത്ത്, ബോബി മൂലൻ,ഷൈബി ജൂബി, ലാലി ജിബു എന്നിവരും അഭിനയിക്കുന്നു. പി.ജെ. ഏലിയാസും ജിജി തോമസുമാണ് സംവിധാനം.കലാഭവൻ സേവ്യർ നായത്തോട് സംഗീതവും സുപ്രൻ കവരപ്പറമ്പ് മേക്കപ്പും സിജോ പൂപ്പത്തി ശബ്ദവും വെളിച്ചവും ഒരുക്കുന്നു.