പല റോഡുകളിലും അനധികൃത പാർക്കിങ്; അങ്കമാലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Mail This Article
അങ്കമാലി ∙ ദേശീയപാതയും എംസി റോഡും കുരുക്കിൽ. ബൈക്കുകൾക്കു പോലും കടന്നുപോകാനാകാത്ത തരത്തിലാണു ഗതാഗതം കുരുങ്ങുന്നത്. ആംബുലൻസ്, ഫയർ എൻജിൻ പോലുള്ള അത്യാവശ്യ വാഹനങ്ങൾ വഴിയിൽ തങ്ങുന്നു. ദേശീയപാതയും എംസി റോഡും സന്ധിക്കുന്ന അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ യാതൊരു നടപടികളുമില്ല.
ക്യാംപ്ഷെഡ്, മാർക്കറ്റ് റോഡുകൾ പോലുള്ള പ്രധാന റോഡുകളിലെ അനധികൃതപാർക്കിങ്ങിന് എതിരെ നടപടികളില്ല. ക്യാംപ്ഷെഡ് റോഡിന്റെ ഇരുവശങ്ങളിലും നിരനിരയായി ഒട്ടേറെ വാഹനങ്ങളാണു പാർക്ക് ചെയ്തിട്ടുള്ളത്.ചില ദിവസങ്ങളിൽ മാർക്കറ്റ് റോഡിലൂടെ ബൈക്കുകൾക്കു പോലും സുഗമമായി കടന്നുപോകാനാകാത്ത അവസ്ഥയാണ്.
ദേശീയപാതയിൽ കറുകുറ്റി മുതൽ ടെൽക് വരെയുള്ള ഭാഗത്താണു ഗതാഗതക്കുരുക്ക് കൂടുതലായുള്ളത്. കോതകുളങ്ങര ഭാഗത്ത് കാൽനടയാത്രക്കാർക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക് ചെയ്യുന്നത് പതിവായിട്ടുണ്ട്.കരയാംപറമ്പ് പാലത്തിലെ അനുബന്ധറോഡിലും അനധികൃത പാർക്കിങ്ങുണ്ട്.ഇതിനെതിരെ യാതൊരു നടപടികളുമില്ല.
ക്യാംപ്ഷെഡ് റോഡ് വീതി കൂട്ടിയതിനു ശേഷം വീതി കൂട്ടിയ ഭാഗത്ത് പാർക്കിങ്ങായി. രാവിലെ വാഹനങ്ങളിട്ട് വൈകിട്ടെത്തി വാഹനങ്ങൾ കൊണ്ടുപോകുന്നവരുണ്ട്.എംസി റോഡിൽ നടപ്പാതകൾ കൈയേറിയും പാർക്കിങ്ങുണ്ട്. കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടി വരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. അങ്കമാലി ബൈപാസ്, എറണാകുളം ബൈപാസ് പദ്ധതികൾ നടപ്പായാൽ അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.