ബിഎച്ച് സീരീസ് വാഹന റജിസ്ട്രേഷൻ: നികുതി ഈടാക്കുക കേരള വാഹന നികുതി നിയമ പ്രകാരം
Mail This Article
കൊച്ചി ∙ ഭാരത് സീരീസ് (ബിഎച്ച് സീരീസ്) പ്രകാരം റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു കേരള വാഹന നികുതി നിയമ പ്രകാരമുള്ള വാഹന നികുതിയാണു ബാധകമെന്നു ഹൈക്കോടതി വ്യക്തമാക്കി. ബിഎച്ച് സീരീസ് പ്രകാരം വാഹനം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് ഡി.കെ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രാൻസ്പോർട്ട് അധികൃതർ ഹർജിക്കാരുടെ വാഹനങ്ങൾ ബിഎച്ച് സീരീസ് പ്രകാരം റജിസ്റ്റർ ചെയ്യാനും കേരള മോട്ടർ വാഹന നികുതി നിയമം 1976 പ്രകാരം നികുതി ഈടാക്കാനും ഹൈക്കോടതി നിർദേശിച്ചു.ബിഎച്ച്് റജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുമ്പോൾ അവിടെ വീണ്ടും റജിസ്റ്റർ ചെയ്യേണ്ട. എന്നാൽ സംസ്ഥാന റജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ റജിസ്ട്രേഷൻ മാറ്റണം.
കേന്ദ്ര– സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ബിഎച്ച് സീരീസിൽ വാഹനം റജിസ്റ്റർ ചെയ്യാം. ഈ വാഹനങ്ങൾക്കു 2 വർഷത്തേക്കാണു നികുതി അടയ്ക്കേണ്ടത്. എന്നാൽ ഇത്തരം റജിസ്ട്രേഷൻ സംസ്ഥാനത്ത് അനുവദിക്കുന്നില്ലെന്നാണു ഹർജിക്കാർ അറിയിച്ചത്. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്കു പുറത്താണെന്നുമുള്ള പേരിലാണു അനുവദിക്കാതിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ചട്ടം നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നു കേന്ദ്രം വാദിച്ചു.