പൊട്ടിയ പൈപ്പിനു മുകളിലൂടെ ടാറിങ് നടത്തി; റോഡ് നവീകരണം തടഞ്ഞു
Mail This Article
മൂവാറ്റുപുഴ∙ കിഴക്കേക്കര– ആശ്രമം കുന്ന് റോഡ് നവീകരണ പ്രവർത്തനങ്ങൾ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ അജി മുണ്ടാട്ടിന്റെ നേതൃത്വത്തിൽ വീണ്ടും നാട്ടുകാർ തടഞ്ഞു. പൊട്ടിയ പൈപ്പിനു മുകളിലൂടെ ടാറിങ് നടത്തി എന്ന് ആരോപിച്ചായിരുന്നു റോഡ് നിർമാണം തടഞ്ഞത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി കുറ്റമറ്റ രീതിയിലുള്ള റോഡ് നവീകരണം ഉറപ്പു നൽകിയതോടെയാണു സ്ഥിരസമിതി അധ്യക്ഷനും നാട്ടുകാരും സമരത്തിൽ നിന്നു പിന്മാറിയത്.
നേരത്തെയും നാട്ടുകാർ റോഡ് നിർമാണം തടഞ്ഞിരുന്നു. റോഡ് നിരപ്പിൽ നിന്ന് ഒന്നേകാൽ മീറ്റർ താഴ്ത്തി വേണം പൈപ്പുകൾ സ്ഥാപിക്കേണ്ടത് എന്ന നിർദേശം പാലിക്കാതെ തോന്നുംപടി പൈപ്പുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ഇതേ തർക്കത്തെ തുടർന്നായിരുന്നു അന്നു റോഡ് നിർമാണം തടഞ്ഞത്. ഇപ്പോൾ പൊട്ടിയ പൈപ്പുകൾക്കു മുകളിലൂടെ ടാറിങ് നടത്തുന്നുവെന്നാണ് ആരോപണം.