റോഡിലെ തോന്ന്യാസം: പരിശോധനയിൽ കുടുങ്ങിയത് 1,041 വാഹനങ്ങൾ; പിഴ 26.86 ലക്ഷം രൂപ
Mail This Article
കാക്കനാട് ∙ കൊച്ചിയിലും പരിസരത്തും ഗതാഗത നിയമലംഘനം കണ്ടെത്താൻ സമീപ ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 1,041 വാഹനങ്ങൾ. വിവിധ കുറ്റങ്ങൾക്ക് വാഹന ഉടമകളിൽ നിന്ന് 26,86,950 രൂപ പിഴ ഈടാക്കി. മോട്ടർ വാഹന വകുപ്പും പൊലീസും ഒരുമിച്ചാണ് പരിശോധനയ്ക്കിറങ്ങിയത്. വാഹനങ്ങളുടെ രേഖകൾ കൃത്യമല്ലെന്നതാണു കണ്ടെത്തിയ കുറ്റങ്ങളിൽ കൂടുതലും. ഇത്തരം വാഹനങ്ങൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നു മാത്രമല്ല, ഉടമയും ഡ്രൈവറും ഗുരുതരമായ കേസിൽ പ്രതിയാകുകയും ചെയ്യുമെന്നതാണ് ശ്രദ്ധേയം.
ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലൂടെ പാഞ്ഞ 26 പേരാണു പിടിയിലായത്. ഇൻഷുറൻസ് ഇല്ലാത്ത 84 വാഹനങ്ങളും നികുതി അടയ്ക്കാത്ത 17 വാഹനങ്ങളും പിടികൂടി. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാത്ത 222 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച 271 പേരിൽ നിന്ന് പിഴ ഈടാക്കി. അമിത വേഗത്തിനും അപകടകരമായ ഡ്രൈവിങ്ങിനും ഒട്ടേറെ വാഹനങ്ങൾക്കെതിരെ കേസെടുത്തു. മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും വിധം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി പാഞ്ഞ 32 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
രൂപമാറ്റം വരുത്തിയതിനു 16 വാഹനങ്ങൾ പിടികൂടി. അമിത ഭാരം കയറ്റിയ 46 വാഹനങ്ങളും മീറ്റർ ഇല്ലാതെ സർവീസ് നടത്തിയ 27 ഓട്ടോറിക്ഷകളും ലൈൻ ട്രാഫിക് പാലിക്കാതിരുന്ന 46 വാഹനങ്ങളും കുടുങ്ങി. രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ നിന്ന് വൻ തുക പിഴ ഈടാക്കി. സൈലൻസറുകൾ, ഹാന്റിലുകൾ, മഡ്ഗാഡുകൾ, ലൈറ്റുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ അനധികൃതമായി പിടിപ്പിച്ച ബൈക്കുകളാണ് രൂപമാറ്റത്തിനു പിടിയിലായത്. അമിത വേഗം, ജംക‍്ഷനുകളിലെ സിഗ്നൽ അവഗണിക്കൽ, മദ്യപിച്ച ശേഷമുള്ള ഡ്രൈവിങ്, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തിയതായി ആർടിഒ ടി.എം.ജേഴ്സൻ പറഞ്ഞു.
നമ്പർ പ്ലേറ്റ് കാണാനേയില്ല; കുടുങ്ങിയത് 47 വാഹനം
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചു വയ്ക്കാൻ പയറ്റുന്നതു പലവിധ തന്ത്രങ്ങളെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഗതാഗത പരിശോധനക്കിറങ്ങുന്ന ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു കടക്കാനും റോഡു നീളെയുള്ള നിരീക്ഷണ കാമറകളിൽപ്പെടാതിരിക്കാനുമാണ് നമ്പർ മറച്ചു വയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 47 വാഹനങ്ങളാണ് ഈ കുറ്റത്തിനു പിടിയിലായത്. ഇതിൽ പലതും ഇൻഷുറൻസും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ഇല്ലാത്തവയായിരുന്നു. നമ്പറുകൾ ചുരണ്ടി വായിക്കാൻ പറ്റാത്ത വിധമാക്കുക, നമ്പർ പ്ലേറ്റിനു മുകളിലേക്ക് പൂമാലകളോ സ്റ്റിക്കറുകളോ ചാർത്തുക, വായിക്കാൻ കഴിയാത്ത വലിപ്പക്കുറവിൽ നമ്പർ എഴുതുക തുടങ്ങിയവയാണ് കണ്ടെത്തിയത്. നമ്പർ പ്ലേറ്റിനു കുറുകേ ഫേസ് മാസ്ക് ഉപയോഗിച്ചു നമ്പർ മറച്ച വാഹനവും കണ്ടെത്തി.