മൊരിഞ്ഞ ദോശയുടെ സിംഫണി; ഭാവഗീതങ്ങളുടെ ജയേട്ടൻ
Mail This Article
കൊച്ചി ∙ ‘‘ആദ്യകാലത്തു ഞാനും യേശുദാസിനെപ്പോലെ പാടാൻ ശ്രമിച്ചിട്ടുണ്ട്! അതിനു സാധിക്കാത്തതിൽ സങ്കടവും തോന്നി. പക്ഷേ, പിന്നീട് എന്റെ ശബ്ദത്തിൽ തന്നെ നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞു. ഗുരുവായൂരപ്പന്റെ അനുഗ്രഹം!’’ – മലയാളത്തിന്റെ എക്കാലത്തെയും ഭാവഗായകൻ പി. ജയചന്ദ്രന്റെ കൗതുകം നിറഞ്ഞ വാക്കുകൾക്കു കൊച്ചി സാക്ഷ്യം വഹിച്ചതൊരു സംഗീത സന്ധ്യയിലായിരുന്നു; 2019 നവംബർ തുടക്കത്തിൽ മലയാള മനോരമ ഒരുക്കിയ ‘ഭാവഗീതം’ വേദിയിൽ.
തന്റെ ശബ്ദം വ്യത്യസ്തമാണെന്ന് എല്ലാവരും പറയുന്നതിന്റെ കാരണം അതു യേശുദാസിന്റേതു പോലെ അല്ലാത്തതു കൊണ്ടാണെന്നു പറഞ്ഞ ശേഷമായിരുന്നു അദ്ദേഹം ദാസേട്ടനെപ്പോലെ പാടാൻ പണ്ടു ശ്രമിച്ച കഥ ഓർത്തെടുത്തത്. ദർബാർ ഹാൾ ഗ്രൗണ്ടിൽ കേരളപ്പിറവി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ ഗാനസന്ധ്യകളിലും ജയചന്ദ്രൻ പലവട്ടം പാടിയിട്ടുണ്ട്. മനോരമയുടെ ‘പാടിയും പറഞ്ഞും ജയേട്ടൻ’ എന്ന പരിപാടിയിൽ പാടുകയും പാട്ടുകളുടെ പിന്നിലെ കഥകൾ പറയുകയും ചെയ്തു.
പാട്ടിന്റെ മഞ്ഞലയിൽ സദസ്സിനെ മുക്കിത്തോർത്തിയ ആ സന്ധ്യയിൽ അദ്ദേഹം പാടുക മാത്രമല്ല ചെയ്തത്. പുതിയ കാലത്തിന്റെ സംഗീതത്തെക്കുറിച്ചും ചിലതെല്ലാം പറഞ്ഞു; നിലപാടുകളിലെ കാർക്കശ്യം മറയേതുമില്ലാതെ പറഞ്ഞു. ഗാനങ്ങൾ മുൻകൂട്ടി റിക്കോർഡ് ചെയ്തു വച്ച ശേഷം കാണികളുടെ മുന്നിൽ ചുണ്ടനക്കുന്ന ഗാനമേളകളിലെ പ്രവണതയ്ക്കെതിരെ അദ്ദേഹം തുറന്നടിച്ചു.
‘‘അങ്ങനെ ആസ്വാദകരെ പറ്റിക്കുന്ന ഗായകരെ കയറി അടിക്കണം. ഓർക്കസ്ട്ര നേരത്തെ ഫീഡ് ചെയ്തു വച്ചു ഗായകൻ മാത്രം പാടുന്ന ഗാനമേളകൾക്കും ഞാൻ എതിരാണ്. ലൈവ് സംഗീതമാണു സത്യം. അതിൽ തെറ്റു വന്നേക്കും. പക്ഷേ, ആസ്വാദകർക്കു മുന്നിൽ നേരിട്ടു പാടണം’’ – പാട്ടോളം സത്യസന്ധത തുളുമ്പി, ആ വാക്കുകളിൽ.
പാട്ടിൽ എന്നത്തെയും പോലെ ആസ്വാദകരെ അദ്ദേഹം അനുഭൂതികളുടെ പുതിയ ലയ, താള, ലയങ്ങളിൽ ഒപ്പം ചേർത്തു. 1966 ൽ ഇറങ്ങിയ ‘കളിത്തോഴൻ’ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന ഗാനത്തിന്റെ റിക്കോർഡിൽ ഇല്ലാത്ത ചരണം പാടിയാണ് അദ്ദേഹം ആരാധകരെ ഞെട്ടിച്ചത്. ‘വേദനതൻ ഓടക്കുഴലായ് പാടിപ്പാടി ഞാൻ നടന്നു, മൂടുപടം മാറ്റി വരൂ നീ രാജകുമാരി, കുമാരി, കുമാരി...’എന്ന ചരണം അതുവരെ അധികമാരും കേട്ടിരുന്നില്ല എന്നതു തന്നെയായിരുന്നു ആകർഷണം!
അതുവരെ പതിവില്ലാതിരുന്ന വേഷത്തിലായിരുന്നു ആ വേദിയിൽ അദ്ദേഹമെത്തിയത്. ചാര നിറത്തിലുള്ള മുണ്ടും വെള്ള ഷോർട് കുർത്തയും അണിഞ്ഞത്തിയ അദ്ദേഹം പൊതുപരിപാടിയിൽ കളർ മുണ്ടു ധരിച്ചെത്തിയ ആദ്യ അവസരമായിരുന്നു. ഗാനമേളകളിൽ മറ്റു മുൻനിര ഗായകരുടെ പാട്ടുകൾ പാടാനും അദ്ദേഹം മടിച്ചില്ല. ‘‘ യേശുദാസ് പാടിയ ‘സ്നേഹ ഗായികേ... ’ എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്’’ – എന്നു കൂടി പറഞ്ഞാണ് അദ്ദേഹം അതു പാടിയത്.
ഇരിങ്ങാലക്കുടക്കാരനാണെങ്കിലും രവിപുരത്തായിരുന്നു പാലിയത്ത് ജയചന്ദ്രൻ കുട്ടന്റെ ജനനം. എന്നാൽ ഇരിങ്ങാലക്കുട നാഷനൽ സ്കൂളിൽ പഠിച്ച ജയചന്ദ്രനു തൃശൂരായിരുന്നു വിലാസം. എറണാകുളത്ത് ജയചന്ദ്രന്റെ ഏറ്റവും വലിയ അടുപ്പക്കാരൻ ചേന്ദമംഗലത്തെ നാട്ടുകാരനായ ബാലു ആർ. നായരായിരുന്നു. അത്ര വിശ്വാസമായിരുന്നു ബാലുവിനെ. മനോരമ മ്യൂസിക്കിന്റെ റിക്കോർഡിങ്ങിനു വരുമ്പോൾ ഗെസ്റ്റ് ഹൗസിലായിരുന്നു താമസം. 3 നേരം മൊരിഞ്ഞ ദോശ നിർബന്ധം. അതായിരുന്നു ജയചന്ദ്രന്റെ കൊച്ചു കൊച്ച് ഇഷ്ടങ്ങൾ.
മടങ്ങിയെത്തും പാലിയത്തേക്ക് ; ഈ മണ്ണിൽ അന്ത്യവിശ്രമം
പറവൂർ ∙ ചേന്ദമംഗലത്തെ പാലിയം കോവിലകത്താണ് ഭാവഗായകൻ പി.ജയചന്ദ്രൻ അന്തിയുറങ്ങുക. ജയചന്ദ്രന്റെ അമ്മവീടാണ് പാലിയം. തൃപ്പൂണിത്തുറ കോവിലകത്തെ രാമവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രകുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനാണ് ജയചന്ദ്രൻ.
പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്നായിരുന്നു അന്ന് ജയചന്ദ്രൻ അറിയപ്പെട്ടിരുന്നത്. 4–ാം ക്ലാസ് വരെ ചേന്ദമംഗലം പാലിയം സ്കൂളിലാണ് അദ്ദേഹം പഠിച്ചത്. പിന്നീടാണ് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് മാറിയത്. അവിടെ പൊതുദർശനത്തിനു ശേഷമാകും ജയചന്ദ്രന്റെ മൃതദേഹം പാലിയത്ത് എത്തിക്കുക. പാലിയം നാലുകെട്ടിന് സമീപത്തെ പാലിയം ശ്മശാനത്തിലാകും ജയചന്ദ്രന്റെ നിത്യവിശ്രമം.