കിൻഫ്ര പാർക്ക്: നൂറ്റാണ്ടോളം പഴക്കമുള്ള കല്ലറയും അസ്ഥികൂടവും കണ്ടെത്തി
Mail This Article
കളമശേരി ∙ കിൻഫ്ര ഹൈടെക് പാർക്കിൽ കമ്പനി സ്ഥാപിക്കുന്നതിനായി മണ്ണു മാറ്റുന്നതിനിടയിൽ നൂറ്റാണ്ടോളം പഴക്കമുള്ള കല്ലറയും അതിനുള്ളിൽ അസ്ഥികൂടവും കണ്ടെത്തി. ഫൊറൻസിക് വിദഗ്ധരെത്തി അസ്ഥികൾ പരിശോധനയ്‌ക്കെടുത്തു. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവ.മെഡിക്കൽ കോളജിലെത്തിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണു കല്ലറയും അസ്ഥികൂടവും കണ്ടെത്തിയത്. കമ്പനി ഉടമ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
1963ൽ എച്ച്എംടി സ്ഥാപിക്കുന്നതിന് താമസക്കാരെ ഒഴിപ്പിച്ചു സ്ഥലമുടമകളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. അതിനു മുന്നേ മറവു ചെയ്ത ജഡമായിരിക്കാമെന്നാണു കരുതുന്നത്. കുഴി താഴ്ത്തി മൃതദേഹം മറവു ചെയ്ത ശേഷം അതിനുമുകളിൽ വെട്ടുകല്ലുകൊണ്ടുള്ള ‘കൽപ്പലകകൾ’ മേൽക്കൂര കണക്കെ പാകിയ നിലയിലാണു കല്ലറ കണ്ടെത്തിയത്. എച്ച്എംടി 240 ഏക്കർ ഭൂമി ഹൈടെക് പാർക്കിനായി 2002ൽ കിൻഫ്രയ്ക്ക് കൈമാറിയിരുന്നു.