പെരിയാർവാലി കനാലിൽ വെള്ളമില്ല, കിണറുകളും കുളങ്ങളും വറ്റി
Mail This Article
പെരുമ്പാവൂർ∙ നഗരസഭ പ്രദേശത്ത് പെരിയാർവാലി ഉപ കനാലിലൂടെ വെള്ളം തുറന്നു വിടാത്തതിനാൽ കുളങ്ങളും കിണറുകളും വറ്റി. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. സാധാരണ രീതിയിൽ ഡിസംബർ മാസത്തിന് മുൻപ് പെരിയാർവാലി കനാൽ ശുചീകരണം പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കേണ്ടതായിരുന്നു. രായമംഗലം പഞ്ചായത്തിന്റെ അതിർത്തിയായ ഇരിങ്ങോളിൽ നിന്നാണ് നഗരസഭ പരിധിയിൽ ഉപകനാൽ തുടങ്ങുന്നത്.ഇത് പാറപ്പുറം വരെയുണ്ട്. ഒരു തവണ വെളളം തുറന്നു വിട്ടെങ്കിലും ശുചീകരണം പൂർത്തിയാകാത്തതിനാൽ നിർത്തി. മെയിൻ കനാലുകളിൽ കഴിഞ്ഞ ദിവസം വെള്ളം വിട്ടിരുന്നു. ജലവിതരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ അംഗങ്ങൾ പെരിയാർവാലി ഓഫിസ് ഉപരോധിച്ചു.
കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് 14 നകം ശുചീകരണം പൂർത്തിയാകുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി കനാലിലൂടെ വെള്ളം വിതരണം നടത്തുമെന്നുമുള്ള പെരിയാർവാലി ഉദ്യോഗസ്ഥരുടെ ഉറപ്പിൽ ഉപരോധസമരം അവസാനിപ്പിച്ചു.നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ, ബിജു ജോൺ ജേക്കബ്, സി.കെ രാമകൃഷ്ണൻ, സി.കെ.രൂപേഷ് കുമാർ, പി.എസ് അഭിലാഷ്, കെ.ബി നൗഷാദ്, കെ.സി അരുൺകുമാർ, സാലിത സിയാദ്, ഷീബ ബേബി, ഐവ ഷിബു, മിനി ജോഷി, ഷമീന ഷാനവാസ്, പി.എസ്. സിന്ധു, ശാലു ശരത്ത് എന്നിവർ പങ്കെടുത്തു.