യുജിസി ഡ്രാഫ്റ്റ് റെഗുലേഷൻസ് 2025 പിൻവലിക്കുക: പ്രതിപക്ഷ സംഘടനകളുടെ ഉന്നത വിദ്യാഭ്യാസ കൂട്ടായ്മ
Mail This Article
കൊച്ചി∙ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ തകർത്തു ലോകത്തിനു മുമ്പിൽ ഇന്ത്യയെ നാണം കെടുത്താൻ പോകുന്ന തരത്തിലേക്ക് കൊണ്ടെത്തിച്ച ബിജെപി ഗവൺമെന്റിന്റെ കുടില തന്ത്രങ്ങൾക്കെതിരെ ജാഗരൂകരാകണമെന്ന് എം. വിൻസെന്റ് എംഎൽഎ. യു ജി സി ഡ്രാഫ്റ്റ് റെഗുലേഷന്റെ ഉന്നത വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുജിസി ഡ്രാഫ്റ്റ് റെഗുലേഷൻസിലെ അപകടകരമായ നിർദേശങ്ങൾ പിൻവലിക്കണമെന്ന് കെപിസിടിഎ പ്രസിഡന്റ് ആർ അരുൺകുമാർ ആവശ്യപ്പെട്ടു . ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കാനും വലതുപക്ഷ ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നു യോഗം അഭിപ്രായപ്പെട്ടു.
സാമൂഹിക നീതി ഉറപ്പാക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസരംഗം അപ്പാടെ തകർക്കലാണ് ഭരണം കൈയാളുന്ന നവഫാസിസ്റ്റുകളുടെ രഹസ്യ അജണ്ട. അധ്യാപകരുടെ പ്രൊമോഷൻ മുതൽ വൈസ് ചാൻസിലർ നിയമനം വരെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഇറക്കിയ യുജിസി റെഗുലേഷൻസ് എന്നും യോഗം അഭിപ്രായപ്പെട്ടു.
കടുത്ത സമര പരിപാടികൾ യോഗം ആസൂത്രണം ചെയ്തു. കൃത്യമായസമര പരിപാടികൾ നടത്തി കരടു രേഖ പിൻവലിപ്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. പ്രതിപക്ഷ സംഘടനകളായ കെപിസിടിഎ, ജിസിടിഓ, കെയുടിഒ, എഫ് യു ഇ ഒ, കെപിസിഎംഎസ്എ എന്നിവയുടെ നേതാക്കളായ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഗ്ലാഡ്സ്റ്റൺ രാജ്, ഡോ. സി.എ ലാൽ, ഡോ. ഇ എ സിറിൽ ഡോ .ഉമർ ഫറൂഖ്. ടി. കെ, റോണി ജോർജ്, ഡോ. ബിജു ജോൺ, ഡോ ആൾസൺ മാർട്ട്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഫസിൽ അഹമ്മദ്, എൻ. മഹേഷ് , ജയൻ ചാലിൽ പ്രവീൺ കുമാർ, അബ്ദുൾ മജീദ്, ബിനു, ജയകുമാർ കെ എസ്, മേബിൾ എൻ എസ് എന്നിവർ സംസാരിച്ചു.