കണ്ണീരോടെ വിടചൊല്ലി നാട്; ‘പിതൃസ്മൃതി’യുടെ മണ്ണിൽ ഭാവഗായകന് അന്ത്യാഞ്ജലി

Mail This Article
കൊച്ചി∙ പാലിയം നാലുകെട്ടിന്റെ കിഴക്കിനിയിലെ തളത്തിൽ ജയചന്ദ്രൻ കുട്ടൻ നീണ്ടു നിവർന്നു കിടന്നു. വർഷങ്ങൾക്കു മുൻപു കുരുന്നു കാതു കുത്തിയപ്പോൾ തന്റെ ചിണുങ്ങിക്കരച്ചിൽ ആദ്യം മുഴങ്ങിയ അതേ കിഴക്കിനിയിൽ. കുഴച്ചുടച്ച ചോറിന്റെയും പരിപ്പിന്റെയും രുചി ആദ്യമായി നാവു തൊട്ടറിഞ്ഞ കിഴക്കിനിയിൽ.
പാലിയം തറവാട്ടിലെ താവഴിയിലുള്ള സന്തതികളുടെയെല്ലാം ചോറൂണിനും കാതുകുത്തിനും മാത്രമല്ല, ജീവിതത്തിലെ വലിയ വിശേഷങ്ങൾക്കെല്ലാം വേദി വിശാലമായ കിഴക്കിനി ആയിരുന്നു. ഭാവഗായകൻ അവസാനയാത്രയ്ക്ക് എത്തിയതു കൊണ്ടാകും കിഴക്കിനിയിൽ ഇന്നലെ മൗനം കനം തൂങ്ങി നിന്നു. ആ നാവിലെ നാദമധുരം ആത്മഹർഷമേകിയ ആരാധക വൃന്ദം നാലുകെട്ടിനു ചുറ്റും ഒഴുകിപ്പരന്നു.
ആരാധകരും സ്നേഹിതരും ബന്ധുക്കളുമുൾപ്പെടെയുള്ളവർ രാവിലെ മുതൽ കാത്തിരിപ്പിലായിരുന്നു. പ്രിയഗായകനെ അവസാനമായി ഒരുനോക്കു കാണാനുള്ള കാത്തിരിപ്പ്. 10.30ന് ഭൗതികശരീരവും വഹിച്ചുള്ള ആംബുലൻസ് എത്തിയതോടെ നാലുകെട്ട് നാടിന്റെ തിരക്കിലമർന്നു. കുട്ടിക്കാലം മുതൽ ജയചന്ദ്രനെ അറിയുന്ന ആത്മസുഹൃത്തുക്കളിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. തൃശൂരിൽ നിന്ന് ആംബുലൻസിനെ അനുഗമിച്ച മന്ത്രി ആർ.ബിന്ദുവും മന്ത്രിമാരായ എം.ബി.രാജേഷും സജിചെറിയാനും ഉൾപ്പെടെയുള്ളവരാണ് ആദ്യം അന്ത്യാഞ്ജലി അർപ്പിച്ചത്. ഇതിനിടെ സംസ്കാരം നേരത്തെ ആക്കുകയാണെന്നുള്ള അറിയിപ്പെത്തി. ഇതോടെ പലരും ആശങ്കയിലായി. പ്രിയപ്പെട്ടവർ പലരും സ്ഥലത്തെത്താൻ വൈകും എന്നതായിരുന്നു കാരണം. ഒട്ടേറെ പേർ ഫോണിലൂടെ ഈ വിവരം വിളിച്ചറിയിക്കുന്ന തിരക്കിലായി.
പ്രിയസുഹൃത്ത് ശ്രീകുമാരൻ തമ്പി ജയചന്ദ്രനെ അവസാനമായി ഒന്നു കണ്ട ശേഷം ശൂന്യമായ മിഴികൾ പായിച്ച് മുറ്റത്തെ നെല്ലിച്ചോട്ടിലിരുന്നു. ‘‘രാജീവനയനേ...നീയുറങ്ങൂ....ആയിരം ചുംബന സ്മൃതിസുമങ്ങൾ അധരത്തിൽ ചാർത്തി നീയുറങ്ങൂ’’ എന്നെഴുതിയ പാട്ടിന്റെ യൗവനകാലം തിരികെയെത്തിയപോലെ. ചിതയിലേക്കെടുത്ത ഭൗതികശരീരത്തിന് ആദരമർപ്പിച്ചു പൊലീസ് ബ്യൂഗിൾ മുഴങ്ങിയപ്പോൾ ശ്രീകുമാരൻ തമ്പി ഉൾപ്പെടെയുള്ളവർ എഴുന്നേറ്റു.
ചിതയൊരുക്കിയ ‘പിതൃസ്മൃതി’ യുടെ മുറ്റത്ത് മാധ്യമങ്ങളുടെ തിരക്ക്. സംസ്കാര സമയം മാറ്റിയതറിഞ്ഞ് തിരക്കിട്ട് ഓടിയെത്തിയ പലരും ചിതയുടെ മുന്നിലെത്തി ഗായകനെ കണ്ടു. മകൻ ദിനനാഥ് ചിതയ്ക്കു തീ കൊളുത്തുമ്പോൾ ആരാധകരിൽ പലരുടെയും കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു. ഗായകരായ വിജയ് യേശുദാസും ബിജുനാരായണനുമെല്ലാം ചിതയ്ക്കു തീ കൊളുത്തിയ ശേഷമാണ് എത്തിയത്. വൈകിയെത്തിയ ഗായിക മിൻമിനി ചിതയ്ക്കു മുന്നിൽ നിറകണ്ണുകളോടെ കൈ കൂപ്പി നിന്നു. സഹോദരിയും ഗായികയുമായ ജാൻസിക്കൊപ്പമാണ് മിൻമിനി എത്തിയത്.
ഒടുവിൽ, നാലുകെട്ടിൽ നിന്നു ആരാധകരുടെ മടക്കയാത്ര തുടങ്ങുമ്പോൾ പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിനു സമീപം ജയചന്ദ്രന്റെ ചിത്രത്തിനു സമീപം വച്ചിരുന്ന സ്പീക്കറിലൂടെ മരണമില്ലാത്തൊരു ജയചന്ദ്ര സംഗീതം അലയടിച്ചു കൊണ്ടേയിരുന്നു. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമലുറക്കമായ് ഉണർത്തരുതേ.’