ഉമ തോമസിന് അപകടമുണ്ടായ സംഭവം: ലൈസൻസ് വേണ്ടെന്നു വച്ചത് പരിപാടി കഴിഞ്ഞ്

Mail This Article
കൊച്ചി ∙കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്‌ക്കു പരുക്കേൽക്കാനിടയായ പരിപാടിക്ക് പിപിആർ ലൈസൻസ് വേണ്ടെന്ന് കോർപറേഷൻ തീരുമാനിച്ചത് അപകടമുണ്ടായതിന്റെ പിറ്റേന്നു മാത്രം. സാംസ്കാരിക പരിപാടിയായതിനാൽ ലൈസൻസ് വേണ്ടെന്ന് ഹെൽത്ത് സൂപ്പർവൈസർ ശുപാർശ ചെയ്തത് അപകടമുണ്ടായതിന്റെ പിറ്റേന്നു വൈകിട്ടാണ്. 10 മിനിറ്റിനുള്ളിൽ ഹെൽത്ത് ഓഫിസർ ഇത് അംഗീകരിച്ചു.ഡിസംബർ 29നാണു കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണു പരുക്കേറ്റത്.

അതിനു തലേന്ന് 28ന് ഉച്ചയ്ക്ക് 2.20നാണു പരിപാടി നടത്താനായി സംഘാടകർ അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ പരിശോധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തത് 29നു വൈകിട്ട് 6.05ന്. എന്നാൽ അപ്പോഴേക്കും സ്റ്റേഡിയത്തിൽ അപകടം നടന്നിരുന്നു. പണം ഈടാക്കി ടിക്കറ്റു വച്ചു നടത്തുന്ന പരിപാടികൾക്ക് കോർപറേഷൻ നൽകുന്ന ലൈസൻസാണ് പിപിആർ ലൈസൻസ്.
ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ഇങ്ങനെ: ‘ഗിന്നസ് വേൾഡ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കൾചറൽ പ്രോഗ്രാമാണ് 29നു വൈകിട്ട് 4 മുതൽ 8 വരെ ജെഎൽഎൻ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്നതെന്നറിയുന്നു. വാണിജ്യപരമായ പരിപാടി അല്ലാത്തതിനാൽ പിപിആർ ലൈസൻസ് ഫീസ് ഈടാക്കേണ്ടതില്ല. പരിപാടി നടത്താൻ അനുമതി നൽകാവുന്നതാണ്’.
30ന് വൈകിട്ട് 5.53ന് ഈ ഫയലിൽ ഹെൽത്ത് സൂപ്പർവൈസറുടെ കുറിപ്പ്: ‘സാംസ്കാരിക പരിപാടിയായതിനാൽ പിപിആർ ലൈസൻസ് ആവശ്യമില്ല. ഇക്കാര്യം പാർട്ടിയെ അറിയിക്കാം’. വൈകിട്ട് 6.01ന് ഹെൽത്ത് ഓഫിസർ ഈ ശുപാർശ അംഗീകരിക്കുന്നു. 31ന് രാവിലെ 10.56ന് ഈ ഫയലിൽ സീനിയർ ക്ലാർക്കിന്റെ കുറിപ്പ്: ‘പരിപാടി കഴിഞ്ഞതിനാൽ ഫയൽ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്’. ജനുവരി 7നു ഫയൽ തീർപ്പാക്കാമെന്ന് സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും കുറിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണം
ഉമ തോമസ് എംഎൽഎയ്ക്ക് അപകടം നടന്ന ശേഷമാണു കോർപറേഷൻ പിപിആർ ലൈസൻസ് സംബന്ധിച്ച അപേക്ഷയിൽ തീരുമാനമെടുത്തതെന്ന് ഇ– ഫയലുകളിൽ നിന്നു വ്യക്തമാണ്. അപകടം നടന്നതിനു പിന്നാലെ ഈ പരിപാടിക്കു പിന്നിലെ പണമിടപാടുകളെ കുറിച്ചുള്ള ആക്ഷേപങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ അപകടമുണ്ടായതിനു പിറ്റേന്ന്, അപകടത്തെ കുറിച്ചോ, പരിപാടിക്കു പിന്നിലെ പണപ്പിരിവിനെ കുറിച്ചോ പരാമർശിക്കാതെ ഫയലിൽ തീരുമാനമെടുക്കുകയാണു കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസറും ഹെൽത്ത് ഓഫിസറും ചെയ്തിരിക്കുന്നത്. ഈ നടപടികൾ ദുരൂഹമാണെന്നു പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.
മേയറുടെ മറുപടി
സംഭവവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു വിശദമായി സെക്രട്ടറി അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോയെന്ന പരിശോധനയും ഇതിന്റെ ഭാഗമാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.