മന്ത്രി ബിന്ദുവിനോട് വിഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്

Mail This Article
കൊച്ചി∙ ‘മിനിസ്റ്ററേ.. ഇപ്പോ നല്ല ആശ്വാസമുണ്ട്. മിനിസ്റ്റർ വന്നതിൽ സന്തോഷം. വരുന്ന അസംബ്ലിയിൽ ചിലപ്പോൾ ഉണ്ടാവില്ല’ ആശുപത്രി മുറിയിൽ നിന്നു വിഡിയോ കോളിൽ ഉമ തോമസ് എംഎൽഎ മന്ത്രി ആർ. ബിന്ദുവിനോടു പറഞ്ഞു. പരസ്പര സൗഹൃദത്തിന്റെ സന്തോഷം പങ്കുവച്ച നിമിഷങ്ങൾ.കൊച്ചിയിൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു മന്ത്രി ആർ. ബിന്ദു, ഉമ തോമസിനെ സന്ദർശിക്കാനെത്തിയത്. ‘ഇപ്പോൾ ആശ്വാസമുണ്ടല്ലോ. വേഗം സുഖമാകട്ടെ. നല്ലോണം ശ്രദ്ധിക്കണം. വിശ്രമിച്ചോളൂ’– മന്ത്രി ഉമയോടു പറഞ്ഞു. ‘ശ്രദ്ധിക്കാം. കാണാനെത്തിയതിൽ സന്തോഷം’– ചിരിച്ചു കൊണ്ട് ഉമ മറുപടി പറഞ്ഞു.
ബന്ധുക്കളുമായും സുഹൃത്തുക്കളുമായും പാർട്ടി പ്രവർത്തകരുമായും ഉമ വിഡിയോ കോളിലൂടെ സംസാരിച്ചു. എല്ലാവർക്കും ഉമച്ചേച്ചിയുടെ ചിരിച്ച മുഖം കണ്ടപ്പോൾ സന്തോഷം. മന്ത്രിയും ഉമ തോമസും തമ്മിലുള്ള വിഡിയോകോൾ സംഭാഷണം എംഎൽഎയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലും പങ്കുവച്ചു. കമന്റ് ബോക്സിൽ സ്നേഹവും സന്തോഷവും പ്രാർഥനകളും നിറഞ്ഞു. കലൂർ സ്റ്റേഡിയത്തിൽ നിന്നു വീണു പരുക്കേറ്റ് 16 ദിവസമായി ഉമ തോമസ് ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഈയാഴ്ച ആശുപത്രി വിട്ടേക്കും