രോഗിയുമായി ആംബുലൻസിൽ മണിക്കൂറുകൾ അലഞ്ഞ സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
കൊച്ചി∙ വടുതലയിൽ ട്രെയിൻ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി ആംബുലൻസ് ഡ്രൈവർ മണിക്കൂറുകളോളം ചികിത്സ തേടി അലഞ്ഞെന്ന പരാതിയിൽ, സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വകുപ്പുതല അന്വേഷണം നടത്തി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലരയോടെ പച്ചാളം ചിറയിൽ വീട്ടിൽ സുബ്രഹ്മണ്യനെ (75) ആണ് ട്രെയിൻ ഇടിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ കിടക്ക ഒഴിവില്ലാത്തതിനാൽ എറണാകുളം ഗവ. മെഡിക്കൽ കോളജിലെത്തിച്ചു. രണ്ടേകാൽ മണിക്കൂർ മെഡിക്കൽ കോളജിനു മുന്നിൽ രോഗി വെന്റിലേറ്ററിന്റെ സഹായത്തിൽ ആംബുലൻസിൽ കിടന്നു. കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളെ ബന്ധപ്പെട്ടെങ്കിലും അവിടെയും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞു. ഒടുവിൽ തൃശൂർ മെഡിക്കൽ കോളജിൽ ഒരു കിടക്ക ഒഴിവുണ്ടെന്ന് അറിഞ്ഞ് അങ്ങോട്ട് മാറ്റാനിരിക്കെ രോഗിയുടെ ബന്ധു എത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികൾ അത്യാസന്ന നിലയിലുള്ള രോഗിയെ പ്രവേശിപ്പിച്ചില്ലെന്ന വസ്തുത ഗൗരവം അർഹിക്കുന്നുവെന്നും ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ ആശുപത്രി സൂപ്രണ്ടുമാർ എന്നിവരുടെ അടിയന്തര യോഗം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർക്കണം. യോഗത്തിൽ പരിഹാര നടപടികൾ കണ്ടെത്തണം. സ്വീകരിച്ച പരിഹാര നടപടികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണം. രോഗിയെ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യം വിശദമാക്കി ബന്ധപ്പെട്ട മെഡിക്കൽ കോളജ് ആശുപത്രികളിലെ സൂപ്രണ്ടുമാർ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.