ഒന്നര കിലോഗ്രാം തൂക്കം, പക്ഷേ കാലൊടിഞ്ഞു; 4000 രൂപ ലഭിക്കേണ്ട ഞണ്ടിന്റെ വില കൂപ്പുകുത്തി 900 ആയി !

Mail This Article
വൈപ്പിൻ ∙ കാലൊടിഞ്ഞോ, എങ്കിൽ കാശിടിഞ്ഞു എന്നാണർഥം. വിദേശയാത്ര മുടങ്ങി നാട്ടിലെ കറിക്കലത്തിലൊടുങ്ങും. ഞണ്ടുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. വൈപ്പിൻ ദ്വീപിന്റെ കിഴക്കുള്ള വീരൻ പുഴയിൽ നിന്ന് ലഭിച്ചതാണ് ചിത്രത്തിൽ കാണുന്ന വളർച്ചയെത്തിയ ഇറച്ചിക്ക് ഉറപ്പേറി മഡ് വിഭാഗത്തിൽ എത്തിയ പെൺ ഞണ്ട്. ഒന്നര കിലോഗ്രാമിൽ ഏറെ തൂക്കമുളളതിനാൽ ലഭിക്കേണ്ട വില 4000 രൂപ.
പക്ഷേ വലയിൽ നിന്ന് വേർപെടുത്തുന്നതിനിടെ അബദ്ധത്തിൽ ഇറുക്കു കാൽ ഒരെണ്ണം വേർപെട്ടു. കാലിൽ ഉണ്ടാവുക 200 ഗ്രാം ഇറച്ചി മാത്രമെങ്കിലും അതോടെ വില കൂപ്പുകുത്തിയത് വെറും 900 രൂപയിലേക്ക്. ഞണ്ട് തീൻമേശയിൽ അംഗഭംഗം ഇല്ലാതെ എത്തണമെന്ന് വിദേശികൾക്ക് നിർബന്ധമാണ്. അതുകൊണ്ട് കാലൊടിഞ്ഞവ കയറ്റുമതിക്കാർ എടുക്കുകയില്ല. ഒരു ഞണ്ടിന് 900 രൂപയെങ്കിലും കൊടുക്കാൻ നാട്ടിൽ ആളുമില്ല. ഒടുവിൽ ഡിസ്കൗണ്ട് വിലയ്ക്ക് നാട്ടുകാരിലൊരാൾ ഞണ്ടിനെ വാങ്ങി. ഒരു ദിവസമെങ്കിലും സായിപ്പിന്റെ ഭക്ഷണം കഴിക്കാമല്ലോ !.