സീബ്രാലൈനിൽ കൂടി റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പൊലീസ് സഹായം നൽകണം: മനുഷ്യാവകാശ കമ്മിഷൻ
Mail This Article
കൊച്ചി∙ ആലുവ പറവൂർ കവലയിലെ സീബ്രാലൈനിൽ കൂടി ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പൊലീസ് സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ഉദ്യോഗസ്ഥർ കുറവാണെങ്കിൽ ഹോം ഗാർഡുമാരെ നിയോഗിച്ച് റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ഭയരഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശം നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കമ്മിഷനിൽ സമർപ്പിക്കണം.
നടക്കാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാരൻ സീബ്രാ ക്രോസിങ്ങിൽ വാഹനങ്ങൾ കയറ്റി നിർത്തുന്നതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. ആലുവ പറവൂർ കവലയിലെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണെന്നും ഇതു മാറ്റിസ്ഥാപിക്കാൻ ദേശീയപാതാ അതോറിറ്റിയുടെ പാലക്കാട് യൂണിറ്റിന് കത്ത് നൽകിയിട്ടുണ്ടെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. എന്നാൽ ഗതാഗത നിയമങ്ങൾ പരിപാലിക്കേണ്ട ചുമതല ട്രാഫിക് പൊലീസിനാണെന്നും സീബ്രാലൈൻ മാറ്റിസ്ഥാപിക്കില്ലെന്നും ദേശീയപാതാ അതോറിറ്റി കമ്മിഷനെ അറിയിച്ചു. ട്രാഫിക് ഏജൻസികൾക്ക് നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ബെന്നി വിശ്വം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.