ADVERTISEMENT

കൊച്ചി∙ കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ഹിറ്റ്. ആലുവ-വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളജ്, കളമശേരി–കുസാറ്റ് റൂട്ടുകളിൽ ജനുവരി 16ന് ആരംഭിച്ച സർവീസിൽ വെള്ളിയാഴ്ച വരെ 15,500 ഓളം പേർ യാത്ര ചെയ്തു. പ്രതിദിനം ശരാശരി 1900 ത്തിലേറെ പേർ സർവീസ് പ്രയോജനപ്പെടുത്തുന്നു. ഇലക്ടിക് ബസ് സർവീസ് ആരംഭിച്ചതോടെ ആലുവ, കളമശേരി മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.

ആലുവ-വിമാനത്താവളം റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്രാ നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. വിമാനത്താവളം റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ആണ് സർവീസ് നടത്തുന്നത്.

വിമാനത്താവളം റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുണ്ടാകും. രാവിലെ 6.45 മുതല്‍ സർവീസ് ആരംഭിക്കും. രാത്രി 11നാണ് വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവീസ്. കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവീസ്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിങ്. കാഷ് ട്രാന്‍സാക്‌ഷനുമുണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.

∙ ഇൻഫോപാർക്ക് റൂട്ടിൽ 29ന് സർവീസ് ആരംഭിക്കും 
കൊച്ചി വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ജനുവരി 29ന് ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7.15 വരെ  25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവീസ് ഉണ്ടാകും.

വൈകിട്ട്, തിരിച്ച് 7.15ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിയിലേക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ-കലക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവീസ്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ട്രയൽ റണ്ണിന് ഇൻഫോപാർക്ക് ഡിജിഎം ശ്രീജിത് ചന്ദ്രൻ, എജിഎം വി.ആർ.വിജയൻ, മാനേജർ ടിനി തോമസ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൈക്കോടതി-എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി സർവീസ് ആരംഭിക്കും.

English Summary:

Kochi Metro's electric bus service, Metro Connect, is proving incredibly popular with over 15,500 riders since its launch. The service expands to Infopark on January 29th, enhancing connectivity across Kochi.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com