കാടു കയറിയ ഒരേക്കർ വൃത്തിയാക്കണം: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Mail This Article
എറണാകുളം∙ സൗത്ത് വാഴക്കുളത്ത് വർഷങ്ങളായി കാടുകയറി വിഷപാമ്പുകൾ നിറഞ്ഞു കിടക്കുന്ന ഒരേക്കർ സ്ഥലം വൃത്തിയാക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ്. വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലപരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
പരാതി പരിഹരിക്കുന്നതിനായി ലീഗൽ എയ്ഡ്സ് ക്ലിനിക്കിൽ ഹാജരാകാൻ നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഉടമസ്ഥർ ഹാജരായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലമായതിനാൽ അടിയന്തരമായി കാട് വൃത്തിയാക്കണമെന്നും ഇല്ലെങ്കിൽ പഞ്ചായത്ത് വൃത്തിയാക്കി ചെലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കുമെന്നും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കത്തിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രദേശവാസിയായ രാജൻ എം. തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.