വടാട്ടുപാറയിൽ കാട്ടാന ആക്രമണം; ബൈക്ക് യാത്രികന് പരുക്കേറ്റു

Mail This Article
കോതമംഗലം∙ ഭൂതത്താൻകെട്ട്–വടാട്ടുപാറ റോഡിൽ ചൊവ്വ രാത്രി ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. സംഭവത്തെ തുടർന്നു ഭൂതത്താൻകെട്ടിലെ തുണ്ടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുൻപിൽ രാത്രി നാട്ടുകാർ പ്രതിഷേധിച്ചു. വടാട്ടുപാറ നിരപ്പുകാലായിൽ മനോജിനെയാണു (49) പരുക്കേറ്റു കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തുകുഴിയിലെ ടൈൽസ് ഷോറൂമിൽ ജോലി കഴിഞ്ഞു രാത്രി ഒൻപതോടെ വീട്ടിലേക്കു മടങ്ങുമ്പോൾ വടാട്ടുപാറയ്ക്കടുത്ത് ആഞ്ഞിലിച്ചുവട്ടിൽ വച്ചു മനോജിനു നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.
ആക്രമണത്തിൽ ബൈക്ക് മറിഞ്ഞു താടിയെല്ല് പൊട്ടുകയും 2 പല്ല് നഷ്ടപ്പെടുകയും ചെയ്തു. ബൈക്കിൽ നിന്നു വീണ മനോജ് ഓടി തൊട്ടടുത്ത കലുങ്കിനടിയിൽ ഒളിച്ചാണു രക്ഷപ്പെട്ടത്. പിന്നീട് ഇതുവഴിയെത്തിയ വാഹനത്തിൽ ആശുപത്രിയിലെത്തി. മറ്റൊരു സ്കൂട്ടർ യാത്രികനും ആനയ്ക്കു മുൻപിൽ പെട്ടെങ്കിലും സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജയമ്മ ഗോപിയുടെ മകനാണ് മനോജ്. കാട്ടാന ആക്രമണത്തിനു പരിഹാരമില്ലാത്തതിൽ പഞ്ചായത്ത് അംഗങ്ങളായ എൽദോസ് ബേബി, ഇ.സി. റോയ്, കെ.എസ്. സനൂപ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രാത്രി പത്തോടെ പ്രതിഷേധം തുടങ്ങി. വന്യമൃഗ സാന്നിധ്യമുള്ള ഭൂതത്താൻകെട്ട്–വടാട്ടുപാറ റോഡിൽ ഫുൾടൈം ആർആർടി സേവനം, പരുക്കേറ്റയാളുടെ ആശുപത്രി ചെലവ് എന്നിവ റേഞ്ച് ഓഫിസർ ഉറപ്പുനൽകിയതോടെയാണു രണ്ടര മണിക്കൂർ നീണ്ട സമരം അവസാനിച്ചത്.