മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു; ശുദ്ധജലത്തിൽ മലിനജലം കലരുന്ന സാഹചര്യം ഒഴിവായി
Mail This Article
കൊച്ചി∙ വടക്കൻ പറവൂർ സബ് ഡിവിഷന് കീഴിലുള്ള ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന പൈപ്പിലെ ചോർച്ച പരിഹരിച്ച് മലിനജലം കലരുന്ന സാഹചര്യം പൂർണമായും ഒഴിവായതായി ജല അതോറിറ്റി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
വടക്കൻ പറവൂർ ജല അതോറിറ്റി ഓഫിസിന് സമീപം മലിനജലം ഒഴുകുന്ന കനാലിലൂടെ കടന്നുപോകുന്ന ശുദ്ധജല പൈപ്പിലെ ചോർച്ച കാരണം ജനങ്ങൾ മലിനജലം കുടിക്കേണ്ടി വന്നതായി ആരോപിച്ച് റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന് വേണ്ടി പ്രസിഡന്റ് ജോസ് പോൾ സമർപ്പിച്ച പരായിലാണ് നടപടി. പൈപ്പിൽ ചോർച്ചയുണ്ടായപ്പോൾ മർദ്ദം കൂടുതലായതിനാൽ കൂടുതൽ അളവിൽ വെള്ളം പുറത്തേക്ക് ചീറ്റിയെന്നും എയർവാൽവ് സ്ഥാപിച്ച് മലിനജലം അകത്തേക്ക് കടക്കുന്ന സാഹചര്യം ഇല്ലാതാക്കിയെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു.