പ്രീപ്രൈമറി സ്കൂള്‍ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിച്ചു
Mail This Article
കൊച്ചി ∙ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. അധ്യാപകരുടേത് 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായാണ് വർധിപ്പിച്ചത്. ഓൾ പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും മറ്റു അധ്യാപകരും നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. ഈ വർഷം മാർച്ച് മുതൽ ഈ ഓണറേറിയം നൽകണമെന്നും കോടതി നിർദേശിച്ചു.
2012 ഓഗസ്റ്റ് 1 മുതലുള്ള കുടിശ്ശിക ആറു മാസത്തിനുള്ളിൽ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇവരുടെ സർവീസ് ചട്ടങ്ങൾ 2012 ഓഗസ്റ്റ് ഒന്നിലെ വിധി അനുസരിച്ച് സർക്കാർ പുറത്തിറക്കണം. ഇവരുടെ സേവന വ്യവസ്ഥകൾ നിശ്ചയിക്കാൻ അന്നത്തെ ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നെങ്കിലും സർക്കാർ അത് നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെയും വേതന വർധനവിനുമായി ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 2012ൽ കോടതി നിശ്ചയിച്ച ഓണറേറിയം 5,000 രൂപയും 3,500 രൂപയും ആയിരുന്നെങ്കിൽ ജീവിതച്ചെലവ് വർധന കണക്കാക്കി വേതനം പുനര്‍നിർണയിക്കുകയായിരുന്നു.