വന്യമൃഗങ്ങൾ കാടിറങ്ങുന്നു;മനുഷ്യർ നാടുവിടുന്നു

Mail This Article
കൊച്ചി∙ കാടിറങ്ങി വരുന്ന വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് വനാതിർത്തിയിലെ സ്വന്തം സ്ഥലം ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം വർധിക്കുന്നു. അയ്യമ്പുഴ മേഖലയിൽ വനാതിർത്തി പങ്കിടുന്ന പ്ലാന്റേഷൻ കോർപറേഷൻ തോട്ടങ്ങളിൽ ആനയും പുലിയും വ്യാപകമാണ്. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ 15-ാം ബ്ലോക്കിൽ നിന്നു തൊഴിലാളികൾ താമസസ്ഥലം ഉപേക്ഷിച്ചു പോയി.
10 വർഷം മുൻപു നൂറോളം കുടുംബങ്ങൾ ഉണ്ടായിരുന്ന 15–ാം ബ്ലോക്കിൽ ഇപ്പോൾ ഉള്ളത് 3 കുടുംബങ്ങൾ മാത്രം. 5 വർഷത്തിന് ഇടയിലാണു ഭൂരിഭാഗം കുടുംബങ്ങളും മറ്റു ക്വാർട്ടേഴ്സുകളിലേക്കു താമസം മാറ്റിയത്. അവശേഷിക്കുന്ന 3 കുടുംബങ്ങളും ഉടനെ താമസം മാറും.1965 മുതൽ 15,16 ബ്ലോക്കുകളിലായി അഞ്ഞൂറിലേറെ കുടുംബങ്ങൾ താമസിച്ചിരുന്നു.
കുട്ടമ്പുഴ വനാന്തരത്തിലെ വാരിയം ഗോത്ര ഗ്രാമത്തിൽ വന്യമൃഗശല്യം രൂക്ഷമായി ജീവിതം വഴിമുട്ടിയതോടെ 10 വർഷം മുൻപു 67 കുടുംബങ്ങൾ കണ്ടംപാറയിൽ പുഴയോരത്തു കുടിൽകെട്ടി താമസിച്ചു. ഇവരെ പിന്നീടു സർക്കാർ പന്തപ്രയിൽ പുനരധിവസിപ്പിച്ചു. 2 വർഷം മുൻപു വാരിയം, ഉറിയംപെട്ടി ഗോത്ര ഗ്രാമങ്ങളിൽ നിന്നായി നൂറോളം കുടുംബങ്ങൾ കൂടി എത്തിയെങ്കിലും ഇവർക്കു പുനരധിവാസം ആയിട്ടില്ല. ഇവർ ഇവിടെ കുടിൽകെട്ടി താമസിക്കുന്നു. ഇപ്പോഴും ഗോത്ര കുടുംബങ്ങൾ എത്തുന്നുണ്ട്.
കാട്ടാനകളുടെ ആക്രമണം ഭയന്ന് മലയാറ്റൂർ –നീലീശ്വരം പഞ്ചായത്തിൽ മലയോര പ്രദേശമായ മുളങ്കുഴിയിൽ 5 വീട്ടുകാർ വാടകയ്ക്കു താമസം മാറ്റി. വനത്തിനോടു ചേർന്ന് ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ വീടുകൾ. കാട്ടാനകൾ പറമ്പുകളിൽ ഇറങ്ങി ശല്യം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇവർക്ക് പല ദിവസവും വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വന്നു. ഏതു സമയവും കാട്ടാനകൾ വരും എന്ന അവസ്ഥയായപ്പോൾ കൂടുതൽ ജനവാസമുള്ള മേഖലയിൽ വാടകയ്ക്കു താമസിക്കുകയാണ്.
വേങ്ങൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നു 5 വർഷത്തിനിടെ വീടു മാറിപ്പോയത് എഴുപതോളം കുടുംബങ്ങൾ. വനമേഖലയോടു ചേർന്നുള്ള കയറ്റുവ, പേഴാട്, പെരുമലക്കണ്ടം, തൊടാക്കയം, കോട്ടപ്പാറ, കുമ്പളത്തോട് എന്നിവിടങ്ങളിൽ നിന്നാണു കുടുംബങ്ങൾ വാടക വീടുകളിലേക്കോ സ്ഥലം വാങ്ങി വീടു വച്ചോ മാറിയത്. 17 വീടുണ്ടായിരുന്ന തൊടാക്കയത്ത് 2കുടുംബങ്ങളാണ് അവശേഷിക്കുന്നത്. വന്യമൃഗ ശല്യമുളളതിനാൽ ആരും സ്ഥലം വാങ്ങാൻ തയാറല്ല. കയറ്റുവയിൽ14 വീടുകളും പെരുമാലയിൽ 9 വീടുകളും പേഴാട് 5 വീടുകളും ഉണ്ടായിരുന്നു. ഇവിടെ ഇപ്പോൾ ആരും താമസിക്കുന്നില്ല.
വീടും സ്ഥലവും വിട്ട് വേങ്ങൂർ പഞ്ചായത്തിലെയോ സമീപ പഞ്ചായത്തുകളിലെയോ സുരക്ഷിത സ്ഥലങ്ങളിലേക്കു ആളുകൾ മാറി. അക്കേഷ്യ പ്ലാന്റേഷന്റെ താഴ്‌വരയായ കോട്ടപ്പാറ കുമ്പളത്തോട് 26 കുടുംബങ്ങൾ താമസിച്ചിരുന്നു. എല്ലാവരും വാടക വീടുകളിലേക്കോ സ്ഥലം വാങ്ങി വീടു നിർമിച്ചോ മാറി. മരോട്ടിക്കുഴിച്ചാൽ, കുർബാനപ്പാറ, വീട്ടിമോളം എന്നിവിടങ്ങളിലും വന്യമൃഗ ശല്യമുണ്ട്. മിക്ക ദിവസങ്ങളിലും ആനകൾ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കും.
9 കുടുംബങ്ങൾ വീട് കൈമാറി
സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതി പ്രകാരം 9കുടുംബങ്ങൾ വനം വകുപ്പിനു വീട് കൈമാറി നഷ്ടപരിഹാരം കൈപ്പറ്റി. സ്ഥലം മാത്രമുള്ള 12പേരും പദ്ധതി പ്രയോജനപ്പെടുത്തി. കുർബാനപ്പാറക്കണ്ടം മേഖലയിലുള്ളവരാണു വീടു കൈമാറിയത്. വനമേഖലയോടു ചേർന്ന് പട്ടയമുള്ള ഭൂമിയുടെ ഉടമകൾക്കാണു വനംവകുപ്പു പണം നൽകി സ്ഥലം ഏറ്റെടുക്കുന്നത്. വീടില്ലാത്ത 2 സെന്റ് മുതൽ 2ഹെക്ടർ വരെയുള്ള സ്ഥലത്തിന് 15 ലക്ഷം രൂപ ലഭിക്കും.
വീടുകളുള്ള സ്ഥലത്തിനു വില നിശ്ചയിക്കുന്നതു പ്രായപൂർത്തിയായ അംഗത്തെ ഒരു യൂണിറ്റായി കണക്കാക്കിയാണ്. ഒരു വീട്ടിൽ എത്ര പ്രായപൂർത്തിയായവർ ഉണ്ടോ അത്രയും യൂണിറ്റിന്15 ലക്ഷം രൂപ വീതം ലഭിക്കും. പദ്ധതി പ്രകാരം 2.67ഹെക്ടർ സ്ഥലം ഏറ്റെടുക്കുകയും 4.35 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തതായി വനംവകുപ്പ് അറിയിച്ചു.