നോർത്ത് റെയിൽവേ സ്റ്റേഷൻ; തിക്കും തിരക്കും ഒഴിവാക്കാൻ പദ്ധതി

Mail This Article
കൊച്ചി ∙ എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും മൂലമുള്ള ദുരിതത്തിനു പരിഹാരമായി വിവിധ പദ്ധതികൾ ഒരുങ്ങുന്നു. തിരക്കേറിയ സമയങ്ങളിൽ എസ്ആർഎം റോഡിലെ യാത്രാദുരിതമാണ് സ്റ്റേഷനിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർ 40 കോടി രൂപയുടെ പദ്ധതി നിർദേശമാണ് സമർപ്പിച്ചത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നു റെയിൽവേയ്ക്കു സ്ഥലം ഇല്ലാത്തതിനാൽ ഈ ഭാഗത്തെ തിരക്കു കുറയ്ക്കാനുള്ള സൗകര്യത്തിനായി ചെറിയ തോതിലെങ്കിലും സ്ഥലം ഏറ്റെടുക്കണം.
രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള യാത്രക്കാരുമായി വരുന്ന വാഹനങ്ങളും തിരികെ പോകുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും ചേർന്ന് എസ്ആർഎം റോഡിലുണ്ടാകുന്ന കുരുക്കും ബുദ്ധിമുട്ടുകളും മനോരമ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എസ്ആർഎം റോഡിൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന ഭാഗത്തു വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാനും യാത്രക്കാർക്കു ബുദ്ധിമുട്ടില്ലാതെ വന്നുപോകാനുമുള്ള സൗകര്യമാണു പദ്ധതിയിലുള്ളത്. വലിയ നിർമാണപ്രവർത്തനങ്ങളും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കിയുമാകും സൗകര്യം ഒരുക്കുക. പദ്ധതി നിർദേശം റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ അധികൃതർ വഴി സമർപ്പിച്ചു. ഈ പദ്ധതി നിർദേശം വൈകാതെ യാഥാർഥ്യമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
ടൗൺ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ സ്ഥലപരിമിതിയും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മേൽക്കൂര ഒരുക്കാൻ സ്ഥലമില്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റ് ട്രെയിനിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്ന് ഇഎസ്ഐ ആശുപത്രിയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പ്ലാറ്റ്ഫോം നവീകരണത്തിനായി ലഭ്യമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതി ദക്ഷിണ റെയിൽവേ ചീഫ് പ്ലാനിങ് ഡവലപ്മെന്റ് ഓഫിസറുടെ പരിഗണനയിലാണ്.
തൃപ്പൂണിത്തുറ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ വേഗം 30 കിലോമീറ്റർ ആക്കി ഉയർത്തിയിരുന്നു. എന്നാൽ, 15 കിലോമീറ്റർ എന്ന വേഗ നിയന്ത്രണത്തോടെയാണ് എറണാകുളം മാർഷലിങ് യാഡ് ഭാഗത്തു നിന്നു ട്രെയിനുകൾ നോർത്ത് സ്റ്റേഷനിലേക്ക് എത്തുന്നത്. ഇതു 30 കിലോമീറ്റർ ആക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. മാർഷലിങ് യാഡ് മുതൽ നോർത്ത് വരെ ട്രെയിനുകൾ വേഗ നിയന്ത്രണത്തോടെയാണു കടന്നുപോകുന്നത്. കേരളത്തിൽതന്നെ ട്രെയിനുകളുടെ കുറഞ്ഞ വേഗം ഈ ഭാഗത്താണ്. ഇതു 30 കിലോമീറ്ററാക്കി ഉയർത്തുന്നതോടെ ട്രെയിനുകൾക്കു സമയകൃത്യത പാലിക്കാനാകും.