ഒഡീഷ സ്വദേശി ചന്തുവിന് ഇത് സ്വപ്ന സാഫല്യം; മോഹൻലാലിനൊപ്പം ‘ഹൃദയപൂർവം’ സിനിമയിൽ

Mail This Article
മട്ടാഞ്ചേരി∙ ഒഡീഷ സ്വദേശി ചന്തു നായിക്കിന് ഇത് സ്വപ്ന സാഫല്യം. മനസ്സു നിറയെ സിനിമാ സ്വപ്നങ്ങളുമായി 3 വർഷം മുൻപ് കൊച്ചിയിലെത്തിയതാണ് ചന്തു നായിക്. സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ജീവിതാഭിലാഷം. ചുള്ളിക്കൽ നസ്രത്തിലുള്ള ചായക്കടയിൽ ജോലിയെടുക്കുന്ന ചന്തുവിന് പുതിയ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷം അടക്കാൻ വയ്യ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിൽ ഹോട്ടലിലെ കിച്ചൻ ബോയിയുടെ വേഷമാണെങ്കിലും സിനിമയിൽ മോഹൻലാൽ ഉണ്ടെന്നതാണ് ചന്തു നായിക്കിനെ ആവേശഭരിതനാക്കുന്നത്.
റിയാലിറ്റി ഷോയിൽ വിജയി ആയതോടെയാണ് അഭിനയം തലയ്ക്കു പിടിച്ചത്. സൽമാൻ ഖാന് ഒപ്പം 2 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ കണ്ണുവച്ചാണ് കൊച്ചിയിൽ എത്തിയത്. മലയാള സിനിമയിൽ അഭിനയിക്കാതെ ഇനി നാട്ടിലേക്ക് മടക്കമില്ല എന്നായിരുന്നു ചന്തുവിന്റെ തീരുമാനം. കുട്ടനാട്ടിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിമിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ അവസരവും കിട്ടി.പുതിയ സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് മോഹൻലാലിനെ അടുത്തു കാണാനും സംസാരിക്കാനും ഒപ്പം നിന്ന് ചിത്രം എടുക്കാനും അവസരം ലഭിച്ചത് തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്ന് ചന്തു നായിക് പറയുന്നു.