38.55 കോടി രൂപയുടെ ചെക്ക് ബാങ്കിനു കൈമാറി റയോൺസ്: ആനുകൂല്യം നാളെ മുതൽ ലഭിക്കും

Mail This Article
പെരുമ്പാവൂർ ∙ രണ്ടര പതിറ്റാണ്ടോളമായി അടഞ്ഞു കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയിലെ ജീവനക്കാർക്ക് ആശ്വാസം. ദീർഘകാലമായി ലഭിക്കാതിരുന്ന ആനുകൂല്യം ലഭിക്കാൻ വഴിയൊരുങ്ങി. ആനുകൂല്യ വിതരണത്തിനുള്ള 38.55 കോടി രൂപയുടെ ചെക്ക് ഒഫിഷ്യൽ ലിക്വിഡേറ്റർ വി.എം. പ്രശാന്ത് പഞ്ചാബ് നാഷനൽ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ പി.വി.ലക്ഷ്മി നാരായണയ്ക്കു കൈമാറി.
1800ൽപരം ജീവനക്കാർക്കു പ്രയോജനം ലഭിക്കും. ഓരോ ജീവനക്കാർക്കും 15000 രൂപ മുതൽ 5.5 ലക്ഷം രൂപ വരെ ആനുകൂല്യമായി ലഭിക്കും. നാളെ മുതൽ ഘട്ടം ഘട്ടമായി ആനുകൂല്യം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്കു കൈമാറും ഗ്രാറ്റുവിറ്റി പലിശ, ലീഫ് സറണ്ടർ, ലേ ഓഫ് കോംപൻസേഷൻ തുടങ്ങിയ ആനുകൂല്യങ്ങളാണു ലഭിക്കുന്നത്.
ഹൈക്കോടതി നിർദേശ പ്രകാരം ലിക്വിഡേറ്റർ കമ്പനിയിലെ ലോഹ വസ്തുക്കളും യന്ത്രങ്ങളും ലേലം ചെയ്തതോടെയാണ് ആനുകൂല്യ വിതരണത്തിനുള്ള തുക ലഭ്യമായത്. ലേലത്തിലൂടെ ലഭിച്ച ബാക്കി തുക ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള കടബാധ്യത തീർക്കാനാണ് ഉപയോഗിക്കുന്നത്. 2001 ജൂലൈയിൽ അടച്ചു പൂട്ടിയ കമ്പനി 2019 ഫെബ്രുവരി 27നാണ് ലിക്വിഡേറ്റ് ചെയ്തത്.
ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും കടബാധ്യതതീർക്കലും പൂർത്തിയാക്കിയാൽ പരിസ്ഥിതി സൗഹൃദ വ്യവസായം ആരംഭിക്കാൻ സർക്കാരിനു കഴിയും. ഇതിനായി കിൻഫ്രയ്ക്കു സ്ഥലം കൈമാറിയിട്ടുണ്ട്. ബാധ്യതകൾ തീർന്നാൽ മാത്രമേ വ്യവസായം ആരംഭിക്കാൻ കഴിയുകയുള്ളു. ഈ കടമ്പയാണ് ആനുകൂല്യ വിതരണത്തിലൂടെ ഇല്ലാതാകുന്നത്.
കമ്പനി ഒഫിഷ്യൽ ലിക്വിഡേറ്ററുടെ ഓഫിസിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ഒഫിഷ്യൽ ലിക്വിഡേറ്റർ ബിന്ദു വർഗീസ്, എസ്ടിഎ പ്രീത ഗോപാൽ, റയോൺസ് ട്രേഡ് യൂണിയൻ നേതാക്കളായ ജി.സുനിൽകുമാർ, എ.പി.മത്തായി, പി.എസ്.വേണുഗോപാൽ, എൻ.എസ്. പ്രദീപ്, എം.പി.ജോയ് എന്നിവർ പ്രസംഗിച്ചു.