ലഹരിമരുന്നിനെതിരെ സംയുക്ത പരിശോധന; 13 പ്രതികൾ പിടിയിൽ

Mail This Article
കൊച്ചി ∙ നഗരത്തിൽ ലഹരിമരുന്നിനെതിരെ ഊർജിത സംയുക്ത പരിശോധന. പൊലീസ്, എക്സൈസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധനയുടെ ഭാഗമായി. റെയ്ഡിൽ 9 കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. രാസലഹരി ഉൾപ്പെടെ പിടിച്ചെടുത്തു. നഗരത്തിൽ ലഹരി വിൽപനക്കാർ തമ്പടിക്കുന്ന സ്ഥലങ്ങളും ലഹരിവസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
31.46 ഗ്രാം രാസലഹരിയുമായി എസ്ആർഎം റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഇടുക്കി മറയൂർ ജവാഹർ നഗർ പുളിയനിക്കൽ വീട്ടിൽ സുബിൻ ( 26), പത്തനംതിട്ട, നിരണം മാന്നാർ കൂട്ടം പള്ളിയിൽ ബിജിൻ ഏബ്രഹാം (21) എന്നിവർ പിടിയിലായി. പാലാരിവട്ടത്തെ ലോഡ്ജിൽ നിന്ന് 1.53 ഗ്രാം രാസലഹരിയും 1.50 ഗ്രാം കഞ്ചാവുമായി കൊല്ലം മഞ്ഞപ്പാറ കൊന്നുവിള വീട്ടിൽ റോഷൻ(20), കൊല്ലം ചടയമംഗലം നൗഷാദ് മൻസിൽ നജ്മൽ(24) എന്നിവരെയും പിടികൂടി.
സിറ്റി ഡിസിപി അശ്വതി ജിജി, നർകോട്ടിക് സെൽ എസിപി അബ്ദുൽ സലാം, കസ്റ്റംസ് കമ്മിഷണർ പത്മാവതി, കസ്റ്റംസ് സൂപ്രണ്ടുമാരായ വികേഷ് കുമാർ, വി.വിവേക്, എൻസിബി അസി. ഡയറക്ടർ വേണുഗോപാൽ, എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സുധീർ, റെയിൽവേ പൊലീസ് ഡിവൈഎസ്പി ജോർജ് ജോസഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾക്കു നേതൃത്വം നൽകി.