വെള്ളംകുടി മുട്ടി മൂവാറ്റുപുഴ; കാവുംപടി റോഡിലെ പൈപ്പ് പൊട്ടിയ നിലയിൽ, ജലവിതരണം മുടങ്ങും

Mail This Article
മൂവാറ്റുപുഴ ∙ നഗരത്തിലെ കുടിവെള്ളം മുട്ടിച്ച് പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണികളിലെ ആശയക്കുഴപ്പം ഇന്നും കുടിവെള്ളം മുട്ടിച്ചു. നഗരത്തിൽ നാളെയും ശുദ്ധജലം ലഭിച്ചേക്കില്ല. കാവുംപടി റോഡിലാണു ശനിയാഴ്ച രാത്രി പ്രധാന പൈപ്പ് ലൈനിൽ പൊട്ടൽ ഉണ്ടായത്. ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം റോഡിലൂടെ ഒഴുകിയതോടെ ജലവിതരണം നിർത്തി വയ്ക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാർ കുടിശിക ലഭിക്കാനുള്ളതിനാൽ അടിയന്തര ജോലികൾ ചെയ്യാനായി രൂപീകരിച്ച ബ്ലൂ ബ്രിഗേഡ് ആണു അറ്റകുറ്റപ്പണികൾ നടത്തുന്നത്. എന്നാൽ ഇവർ ഇന്നലെ ആദ്യം ജോലി ആരംഭിച്ചത് പൈപ്പ് പൊട്ടിയ സ്ഥലത്ത് ആയിരുന്നില്ല. പുതുതായി ടാർ ചെയ്ത റോഡ് കുഴിച്ച് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടിയത് അവിടെ അല്ലെന്നു മനസ്സിലായത്. ഇതോടെ കുഴി വേഗം മൂടി.
ജല സംഭരണിയിൽ നിന്ന് ജല അതോറിറ്റിയുടെ ഐബിയിൽ ഉള്ള ജലസംഭരണ ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പാണ് പൊട്ടിയതെന്നു കരുതിയാണ് ആദ്യം ഇവർ റോഡ് കുഴിച്ചു പരിശോധന നടത്തിയത്. ഇതുമൂലം വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജലവിതരണം ഇന്നു തടസ്സപ്പെട്ടു. തെറ്റ് മനസ്സിലായതോടെയാണു റോഡിന്റെ മറുവശത്തുള്ള കിഴക്കേക്കര ലൈനിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. പൈപ്പ് പൊട്ടിയത് എവിടെയാണെന്നു കണ്ടെത്താൻ വലിയ കുഴി എടുക്കേണ്ടി വന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി രാത്രിയോടെ വെള്ളം തുറന്നു വിട്ടാലും ഇന്നു വൈകിട്ടോടെ മാത്രമേ ശുദ്ധജല വിതരണം സാധാരണ നിലയിലാകുകയുള്ളൂ. എന്നാൽ അറ്റകുറ്റപ്പണി സമയത്തു പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണു തൊഴിലാളികൾ.