തൃക്കളത്തൂർ–പായിപ്ര കവല അപകടരഹിതമാക്കാൻ റോഡ് സുരക്ഷ ഒരുക്കും

Mail This Article
മൂവാറ്റുപുഴ∙ മരണം പതിയിരിക്കുന്ന എംസി റോഡിലെ തൃക്കളത്തൂർ മുതൽ പായിപ്ര കവല വരെയുള്ള ഭാഗങ്ങളിൽ പൊലീസും പൊതുജനങ്ങളും ചേർന്ന് റോഡ് സുരക്ഷ ഒരുക്കും. തുടർച്ചയായി അപകടങ്ങളും മരണങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന മേഖലയെ അപകടരഹിതമാക്കാനും കുരുക്ക് ഒഴിവാക്കാനും പൊലീസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. തൃക്കളത്തൂർ മുതൽ പേഴയ്ക്കാപ്പിള്ളി വരെ 4 കിലോമീറ്റർ ദൂരത്തിൽ കർശന ഗതാഗതപരിഷ്കാരം നടപ്പാക്കാനാണു തീരുമാനം.
ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ പൊലീസും ജനപ്രതിനിധികളും തുടർച്ചയായ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.പി. ബൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ വി.എം. നാസർ, എം.എ. നൗഷാദ്, ട്രാഫിക് എസ്ഐ കെ. പി. സിദ്ദിഖ്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂലിയൻ ജോർജ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. കബീർ എന്നിവർ പ്രസംഗിച്ചു.പ്രധാന തീരുമാനങ്ങൾ
∙ പായിപ്ര, ചെറുവട്ടൂർ ഭാഗങ്ങളിൽ നിന്നു വരുന്ന ഭാര വണ്ടികൾ ബാസ്പ് റോഡ് വഴി പള്ളിച്ചിറ ഭാഗത്തേക്ക് കടത്തിവിട്ട് വൺവേ സംവിധാനം ആരംഭിക്കും
∙ പായിപ്ര കവലയിലെ ബസ് സ്റ്റോപ്പുകൾ നാലും മാറ്റി സ്ഥാപിക്കും
∙ മൂവാറ്റുപുഴ ഭാഗത്തു നിന്ന് പെരുമ്പാവൂർക്കു പോകുന്ന ബസുകൾ ജംക്‌ഷനിൽ നിർത്താതെ റൂറൽ ബാങ്കിനു മുന്നിൽ നിർത്തും
∙ പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസുകൾക്ക് ബദരിയ്യ അറബി കോളജിനു സമീപം ആയിരിക്കും സ്റ്റോപ്.
∙ വഴിയോര കച്ചവടങ്ങളും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കും
∙ കവലയിലെ എംസി റോഡരികിലെ ഓട്ടോ സ്റ്റാൻഡുകൾ മാറ്റും
∙ സബൈൻ പടി, പേഴയ്ക്കാപ്പിള്ളി സ്കൂൾ കവല, പായിപ്ര കവല, പഞ്ചായത്ത് ഓഫിസ് ജംക്‌ഷൻ, എസ് വളവ്, തൈക്കാവ് ജംക്‌ഷൻ , പള്ളിച്ചിറ, എന്നിവിടങ്ങളിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കും