തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പുതിയ പ്രൗഢിയിലേക്ക്; ആദ്യഘട്ട ജോലികൾ 90% പൂർത്തിയായി

Mail This Article
തൃപ്പൂണിത്തുറ ∙ മുഖം മിനുക്കി പുതിയ പ്രൗഢിയിലേക്കു കുതിക്കാൻ ഒരുങ്ങുകയാണ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോം ഉൾപ്പെടെ ഉള്ളവയുടെ പണികൾ അവസാന ഘട്ടത്തിലാണ് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷനിലെ ആദ്യ ഘട്ട ജോലികൾ 90 ശതമാനം പൂർത്തിയായി. അമൃത് ഭാരത് പദ്ധതിയിൽ ഏകദേശം 10 കോടി രൂപയുടെ വികസനമാണ് സ്റ്റേഷനിൽ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം അടുത്തു തന്നെയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. പ്ലാറ്റ്ഫോം ഉയർത്തി ടൈൽ വിരിക്കൽ, ഉന്നത നിലവാരമുള്ള കാത്തിരിപ്പു കേന്ദ്രം, ശുചിമുറി സൗകര്യം, വിശ്രമ കേന്ദ്രം എന്നിവയ്ക്ക് ഒപ്പം മികച്ച ഇരിപ്പിട സൗകര്യവും ഇവിടെ ഒരുക്കി കഴിഞ്ഞു. എൽഇഡി സൈൻ ബോർഡുകൾ, ശുദ്ധജല ബൂത്തുകൾ, സ്പീക്കറുകൾ തുടങ്ങിയവ ഇവിടെ പുതിയതായി ക്രമീകരിച്ചിട്ടുണ്ട്.
സ്റ്റേഷന്റെ കവാടവും ടിക്കറ്റ് കൗണ്ടറും മോടിപിടിപ്പിച്ചു. അപ്രോച്ച് റോഡ്, പാർക്കിങ് സൗകര്യം വിപുലീകരിക്കണം, വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. അടുത്ത ഘട്ടത്തിൽ നടപ്പാലത്തിന്റെ ഇരു വശത്തും ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തും. രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര ദീർഘിപ്പിക്കലും പ്ലാറ്റ്ഫോം ഉയർത്തലും അടുത്ത ഘട്ടത്തിലായിരിക്കും നടപ്പാക്കുക.