‘തന്തൂരിക്കൊച്ചിൻ’; കൊച്ചിയിലടക്കം പലയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ

Mail This Article
കൊച്ചി ∙ ജില്ലയിൽ പലയിടങ്ങളിലും അനുഭവപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. രാജ്യാന്തര വിമാനത്താവളത്തിൽ 10ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.9 ഡിഗ്രി സെൽഷ്യസാണ്. അതേസമയം കളമശേരി, ചൂണ്ടി എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കൂടിയ ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. മാർച്ചിന്റെ തുടക്കത്തിൽ തന്നെ ചൂടു ക്രമാതീതമായി ഉയരുന്നുവെന്നതിന്റെ സൂചനയാണിത്. കൊച്ചി വ്യോമ താവളത്തിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 32.4 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാലാണ് അനുഭവപ്പെടുന്ന ചൂടു കൂടുന്നത്. തീരദേശത്തോടു ചേർന്നുകിടക്കുന്നതായതിനാൽ അന്തരീക്ഷ ഈർപ്പം മിക്കപ്പോഴും 50 ശതമാനത്തിനു മുകളിലാണ്.
ചൂടേറി; കാടിറങ്ങി വന്യമൃഗങ്ങൾ
അങ്കമാലി ∙ കാട്ടിൽ ചൂടു കൂടിയതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനാൽ പ്ലാന്റേഷൻ നിവാസികൾ ഭീതിയിൽ. അതിരപ്പിള്ളി, കല്ലാല എസ്റ്റേറ്റുകളിൽ വന്യമൃഗശല്യം രൂക്ഷമായി. വേനൽ കടുക്കുമ്പോൾ വനത്തിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത കുറയുന്നതിനെ തുടർന്നാണു വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. ചില വനമേഖലകളിൽ കുളം കുഴിച്ച് വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്.
കല്ലാല, അതിരപ്പിള്ളി എസ്റ്റേറ്റിനു സമീപത്തെ വനത്തിനുള്ളിൽ പ്ലാന്റേഷൻ കോർപറേഷനും വനംവകുപ്പും ചേർന്നു വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എടുക്കണമെന്നു പ്ലാന്റേഷൻ തൊഴിലാളികൾ ആവശ്യപ്പെട്ടു.വനത്തിൽ മരങ്ങളില്ലാത്ത ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണം. കഴിഞ്ഞ ദിവസം വൈകിട്ട് കല്ലാല എസ്റ്റേറ്റിൽ കുളിരാംതോട് ഭാഗത്ത് 4 കാട്ടാനകൾ ഇറങ്ങി. തൊഴിലാളികളുടെ ക്വാർട്ടേഴ്സിനോടു ചേർന്നുനിൽക്കുന്ന എണ്ണപ്പനകൾ കുത്തിമറിച്ചിട്ടു കാട്ടാനകൾ തിന്നു. തൊഴിലാളികൾ ഭീതിയോടെയാണു കഴിഞ്ഞത്.
ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണു കാട്ടാനകളെ വനത്തിലേക്കു തിരിച്ചയച്ചത്.കഴിഞ്ഞ ശനിയാഴ്ച ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളി കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.
അതിരപ്പിള്ളി എസ്റ്റേറ്റ് ബി 2 ഡിവിഷനിലെ തൊഴിലാളി ആച്ചാണ്ടി എ.വി. ബിജുവിനാണു പരുക്കേറ്റത്. വലതു കയ്യിനും ഇടതുകൈയുടെ ഷോൾഡറിനും പരുക്കേറ്റു. ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന ബിജുവിന് നേരെ കാട്ടുപന്നി ഓടിവരികയായിരുന്നു. ഒച്ചകേട്ട് തിരിഞ്ഞു നോക്കിയ ബിജു പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ഓടി മാറുന്നതിനിടയിൽ കാൽ വഴുതിവീണു. പരുക്കേറ്റതിനെ തുടർന്നു ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജു വീട്ടിൽ വിശ്രമത്തിലാണ്.
ടാസ്ക്കിലെ കാടും പാച്ചസ് ഏരിയയിലെ കാടും വെട്ടണമെന്ന് പ്ലാന്റേഷൻ മാനേജ്മെന്റിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ടാസ്ക്കിനിടയിലുള്ള പാച്ചസ് ഏരിയ വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. കുറ്റിക്കാടുകളിൽ പതുങ്ങിനിൽക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ഒട്ടേറെ തൊഴിലാളികൾക്കു പരുക്കേറ്റിട്ടുണ്ട്.