ADVERTISEMENT

ചോറ്റാനിക്കര ∙ സർവാഭരണ വിഭൂഷിതയായി നെയ് വിളക്കിന്റെ സുവർണകാന്തിയിൽ അഭയവരദ മുദ്രകളോടെ ദർശനമേകിയ ചോറ്റാനിക്കരയമ്മയ്ക്കു മുന്നിൽ ഭക്തസഹസ്രങ്ങൾ മകം തൊഴുതു. വിശേഷാൽ തങ്ക ഗോളകയും ആടയാഭരണങ്ങളും രത്നകിരീടവും പട്ടുടയാടകളും അണിഞ്ഞുള്ള ചോറ്റാനിക്കരയമ്മയുടെ ദേവീരൂപം ഭക്തർക്ക് ദർശന പുണ്യമായി. താമരപ്പൂ മാല ചാർത്തി നെയ്‌വിളക്ക് തെളിച്ച് ദീപാരാധനയോടെ ഉച്ചയ്ക്ക് 2നു തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാടും പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടും മകം തൊഴലിനായി നട തുറന്നു.

പിന്നാലെ തലേന്നു മുതൽ ക്ഷേത്രത്തിനു പുറത്ത് ക്യൂവിൽ കാത്തുനിന്ന ഭക്തർ പടിഞ്ഞാറേ നടയിലൂടെയും വടക്കേ നടയിലൂടെയും പ്രത്യേകം തയാറാക്കിയ ബാരിക്കേഡിനുള്ളിലൂടെ അമ്മേ നാരായണ മന്ത്രങ്ങളുമായി ദർശനത്തിനായി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു. കീഴ്ക്കാവ് പരിസരത്തും ആയിരങ്ങൾ ശരണമന്ത്രങ്ങളോടെ കൈകൾ കൂപ്പി ദേവിയെ തൊഴുതു. വില്വമംഗലം സ്വാമിക്കു ദേവി വിശ്വരൂപ ദർശനം നൽകിയ പുണ്യദിനം അനുസ്മരിച്ചാണു ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ അനുഷ്ഠിക്കുന്നത്.

രാവിലെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടോടെയാണു മകം ചടങ്ങുകൾക്കു തുടക്കമായത്. ഇവിടെ ഇറക്കിപ്പൂജയും പറയെടുപ്പും നടത്തിയ ശേഷം ദേവി തിരിച്ചെഴുന്നള്ളി. തുടർന്ന് 7 ആനകൾ അണിനിരന്ന മകം എഴുന്നള്ളിപ്പ് നടന്നു. ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളവും തുടർന്ന് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെയും സംഘത്തിന്റെയും സ്പെഷൽ നാഗസ്വരവും അരങ്ങേറി. ഉച്ചയ്ക്ക് 1ന് മകം ഒരുക്കങ്ങൾക്കായി നട അടച്ചു. രാത്രി വൈകി വരെ നീണ്ട മകം ദർശനത്തിനു ശേഷം മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജയും തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടന്നു.

തിരക്കു നിയന്ത്രിക്കാനും ഭക്തരുടെ സുരക്ഷയ്ക്കുമായി വിപുലമായ സൗകര്യങ്ങളാണു ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ഭക്തർക്കു ലഘുഭക്ഷണം, സംഭാരം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 5 ഡിവൈഎസ്പിമാരടങ്ങുന്ന ആയിരത്തോളം പൊലീസുകാരാണു സുരക്ഷ ഒരുക്കിയത്.

പൂരം എഴുന്നള്ളിപ്പ് ഇന്ന് 
മകം ഉത്സവത്തോടനുബന്ധിച്ചുള്ള പൂരം എഴുന്നള്ളിപ്പ് ഇന്ന് നടക്കും. രാവിലെ 5.30നു പറയ്ക്കെഴുന്നള്ളിപ്പ്, 9നു കിഴക്കേചിറയിൽ ആറാട്ടും തുടർന്നു ചങ്ക്രോത്ത് മനയിൽ ഇറക്കിപ്പൂജയും വലിയ കീഴ്ക്കാവിൽ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. രാത്രി 8നു കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിൽ എത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേർന്നു പൂരം എഴുന്നള്ളിപ്പ്. 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, എടാട്ട്മഠം ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തിൽ പ്രവേശിച്ചു പടിഞ്ഞാറേ നടപ്പുരയിൽ രാത്രി 11നു 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്, 12നു പൂരപ്പറമ്പിൽ എഴുന്നള്ളിപ്പ്. കരിമരുന്ന് പ്രയോഗം.

ഉത്രം ആറാട്ട് ദിവസമായ നാളെ രാവിലെ 5ന് ആറാട്ടുബലി, തുടർന്നു മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10നു ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്നു കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും, ശേഷം കൊടിയിറക്ക്. വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. 15നു രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.

English Summary:

Chottanikkara Amma's Makam Festival draws thousands of devotees. The vibrant ceremony includes the Makam Thozhal, Pooram procession, and traditional performances, offering a rich cultural and spiritual experience.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com