കൊച്ചി വിമാനത്താവളത്തിലെ കരാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
Mail This Article
നെടുമ്പാശേരി ∙കൊച്ചി വിമാനത്താവളത്തിലെ കരാർ ജീവനക്കാർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക്. വിമാനത്താവളത്തിലെ വിവിധ കരാർ കമ്പനികളിൽ 90 ശതമാനവും ഇപ്പോഴും തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കാര്യത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നതെന്ന് സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ ആരോപിച്ചു. വിമാനത്താവളത്തിലെ 4 പ്രധാന കരാർ കമ്പനികൾ മാത്രം കഴിഞ്ഞ 3 വർഷത്തെ കരാറുകളിൽ 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് യൂണിയനുകൾ ആരോപിച്ചു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകിയിട്ടും നടപടികൾ സ്വീകരിക്കാൻ കമ്പനികൾ തയാറാകുന്നില്ല.
ഈ സാഹചര്യത്തിൽ 4 കമ്പനികളുടെയും കഴിഞ്ഞ നാളുകളിലെ കരാർ രേഖകൾ സിയാൽ പരിശോധിച്ച് തൊഴിലാളികൾക്ക് ലഭിക്കാനുളള മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. കരാർ കമ്പനികൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം സിയാൽ ഏറ്റെടുക്കണം. പാലിക്കാത്ത കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി പുറത്താക്കണം. തൊഴിൽ വകുപ്പും ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് 20ന് രാവിലെ 11 മുതൽ വിമാനത്താവള കവാടത്തിൽ പ്രതിഷേധ കൂട്ടധർണ നടത്തും. 21ന് രാവിലെ 6 മുതൽ 24 മണിക്കൂർ സൂചന പണിമുടക്ക് നടത്തുമെന്നും യൂണിയൻ ഭാരവാഹികളായ എൻ.സി.മോഹനൻ, തമ്പി പോൾ, എ.എസ്.സുരേഷ്, ജീമോൻ കയ്യാല, കെ.ടി.കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.
കരാർ ജീവനക്കാരുടെ വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
നെടുമ്പാശേരി∙ കൊച്ചി വിമാനത്താവളത്തിലെ ഒരു മുൻ കരാർകമ്പനി, ജീവനക്കാർക്കു നൽകാനുള്ള മിനിമം കൂലി അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ തൊഴിൽ വകുപ്പ് സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കരാർ കമ്പനിയായ എസ്ആൻഡ്എസ് ഏജൻസീസ് പക്ഷി സുരക്ഷാ വിഭാഗത്തിലെ കരാർ ഏറ്റെടുത്ത ശേഷം തൊഴിലാളികൾക്ക് മിനിമംകൂലി പോലും നൽകാതെ 14 മണിക്കൂർ ജോലി ചെയ്യിപ്പിച്ചു എന്ന പരാതിയിലാണ് അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നടപടി.
ഇതു സംബന്ധിച്ച് കമ്മിഷൻ ലേബർ കമ്മിഷണർക്ക് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾ പരിഹരിച്ചതായി ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) കമ്മിഷനെ അറിയിച്ചു. നിലവിൽ കരാർ ഏറ്റെടുത്തിട്ടുള്ള ഇമ്മാനുവൽ ഏവിയേഷൻ കാർഗോ സർവീസസ് എന്ന സ്ഥാപനം തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അവധിയും നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും ലേബർ ഓഫിസർ അറിയിച്ചു. 8 മണിക്കൂറിലധികം ജോലി എടുപ്പിക്കുന്നു എന്ന മുഖ്യ പരാതിയും പരിഹരിച്ചു. തൊഴിലാളികളുടെ ജോലി സമയം മൂന്നു ഷിഫ്റ്റായി ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ മുൻ ഏജൻസി ഇപ്പോഴും സിയാലിലെ കരാറിൽ തുടരുന്ന സാഹചര്യത്തിൽ അവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി തമ്പി പോൾ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.