കുമ്പളങ്ങിയിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലും കവര് കാണാനെത്താം; നിരാശയോടെ മടങ്ങാതിരിക്കാൻ അറിയാം, ചില കാര്യങ്ങൾ..

Mail This Article
കുമ്പളങ്ങി∙ വീണ്ടുമൊരു കവര് സീസൺ കൂടിയെത്തി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച കവര് അഥവാ കായലിലെ നീല വെളിച്ചം ഇപ്പോൾ കുമ്പളങ്ങിയിൽ മാത്രമല്ല ദൃശ്യമാകുന്നത്. കുമ്പളങ്ങിയുടെ സമീപ പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കളത്ര മേഖലയിലെ ചെമ്മീൻ കെട്ടുകളിലും കായലോരങ്ങളിലും കവര് കണ്ടുത്തുടങ്ങി. പക്ഷേ, മുൻ വർഷങ്ങളിൽ കവര് ദൃശ്യമായിരുന്ന കുമ്പളങ്ങിയിലെ പല സ്ഥലങ്ങളിലും ഇക്കുറി കവര് എത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ കണ്ടും കേട്ടറിഞ്ഞും ഒട്ടേറെ ആളുകൾ കുമ്പളങ്ങിയിലേക്ക് എത്തുന്നുണ്ടെങ്കിലും പലർക്കും നിരാശയാണ് ഫലം. കവര് സ്പോട്ട് എന്ന് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സ്ഥലങ്ങളിലെത്തുന്ന ഭൂരിഭാഗം ആളുകളും കവര് കാണാനാവാതെ മടങ്ങുന്നു. അതേസമയം, കുമ്പളങ്ങിയിലെയും സമീപ പ്രദേശങ്ങളിലെയും ചില പാടശേഖരങ്ങളിലും കെട്ടുകളിലും ഇവ മനോഹരമായി ദൃശ്യമാകുന്നുമുണ്ട്. ഈ സ്ഥലങ്ങളൊക്കെ മാപ്പിൽ കാണില്ല. നാട്ടുകാരുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഈ സ്ഥലങ്ങളിലൊക്കെ നമുക്കെത്തിച്ചേരാൻ കഴിയു.
ഇതിൽ ചിലതൊക്കെ മത്സ്യം വളർത്തുന്നയിടമാണ്. അവിടെ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളാണ് കവരിന്റെ സീസൺ. വെള്ളത്തിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. വേനൽ കാലത്തു കായലിലെയും പാടശേഖരങ്ങളിലെയും വെള്ളത്തിന് ഉപ്പു വർധിക്കുന്നതാണ് കവര് ദൃശ്യമാകാൻ കാരണം. മഴക്കാലമാകുന്നതോടെ ഇവ കായലിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. കവര് എന്ന് നാട്ടുഭാഷയിൽ വിളിക്കുന്ന ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം ബയോലുമിനിസെൻസ് എന്നാണ്. ബാക്‌ടീരിയ ഫംഗസ് ആൽഗെ പോലെയുള്ള വെള്ളത്തിലെ സൂഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. കടലിനോട് ചേർന്നുള്ള കായൽ തീരങ്ങളിലാണ് ഇവ കൂടുതലായും ദൃശ്യമാകുന്നത്.