മറൈൻഡ്രൈവ് ക്വീൻസ് വോക്‌വേയിൽ ഭർത്താവിനെ കത്തിമുനയിൽ നിർത്തി അപമര്യാദ: 2 പേർ അറസ്റ്റിൽ

Mail This Article
കൊച്ചി ∙ മറൈൻഡ്രൈവ് ക്വീൻസ് വോക്‌വേയിൽ ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതി കുടുംബസമേതം വോക്‌വേയിൽ എത്തിയപ്പോഴായിരുന്നു യുവാക്കൾ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്‌പർശിക്കുകയും എതിർത്തപ്പോൾ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ചേർത്തുനിർത്തി സെൽഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവർ പൊലീസിൽ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം നഗരത്തിൽ ഡി ഹണ്ട് ലഹരി പരിശോധനയിലുണ്ടായിരുന്ന സെൻട്രൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. പിടികൂടിയ യുവാക്കളെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന വഴി ഇവർ വാഹനത്തിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ചു.
പൊതുഇടത്തിൽ സ്‌ത്രീകളോടു മോശമായി പെരുമാറിയതിനും പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തതിനുമാണ് ഇരുവർക്കുമെതിരെ കേസ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണു സൂചന. പ്രതികളായ അബ്ദുൽ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും അൻസാറിന്റെ പേരിൽ മലപ്പുറത്തും വിവിധ കേസുകളുണ്ട്. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, സി.അനൂപ്, സിപിഒ വിനു കുട്ടൻ, വിജീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു. കുടുംബസമേതം സായാഹ്നം ചെലവിടാൻ ഒട്ടേറെപ്പേരെത്തുന്ന ക്വീൻസ് വോക്‌വേയിൽ ഇത്തരം സംഭവം നടന്നതു നഗരത്തെ ഞെട്ടിച്ചു. ലഹരിസംഘങ്ങളുടെ വിളയാട്ടത്തിന്റെയും ആക്രമണ പരമ്പരയുടെയും പശ്ചാത്തലത്തിൽ ഈ ഭാഗത്തു കൂടുതൽ പൊലീസ് സുരക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.