നെടുങ്ങാട് പഴയ പള്ളിപ്പാലം ഓർമയിലേക്ക്...

Mail This Article
വൈപ്പിൻ ∙നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിച്ചു നീക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി. പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിയിരുന്ന പാലം നീക്കം ചെയ്യണമെന്ന മത്സ്യത്തൊഴിലാളികളുടെയും ചെമ്മീൻകെട്ട് നടത്തിപ്പുകാരുടേയും ദീർഘകാലമായുള്ള ആവശ്യം കൂടിയാണ് ഇതോടെ നടപ്പായത്. പുതിയ പാലം തുറന്നു കൊടുത്ത് വർഷങ്ങൾ കഴിഞ്ഞതിനു ശേഷമാണ് പഴയ പാലം പൊളിച്ചു നീക്കിയത്. കൽക്കെട്ട് ഇടിഞ്ഞതിനു പുറമേ പഴയ പാലത്തിന്റെ പ്ലാറ്റ്‌ഫോമും ദുർബലാവസ്‌ഥയിലായതോടെയാണ് വർഷങ്ങൾക്കു മുൻപ് പുതിയ പാലത്തിനായി ആവശ്യമുയരുന്നത്. ‘ മലയാള മനോരമ’യാണ് ഇതു സംബന്ധിച്ച് ആദ്യമായി വാർത്ത പ്രസിദ്ധീകരിച്ചത്.
നൂറുമീറ്ററോളം വീതിയുള്ള പുഴയുടെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന പാലത്തിന് ഒരു കാറിനു കടന്നു പോകാൻ കഴിയുന്ന വീതി മാത്രമാണ് ഉണ്ടായിരുന്നത്. പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്‌ടിക്കുന്ന തരത്തിൽ ഇരുവശത്തും പുറത്തേക്ക് കൽക്കെട്ട് നിർമിച്ചാണ് പാലം നിർമിച്ചിരുന്നത്. നീരൊഴുക്ക് തടസപ്പെടുന്നത് സമീപത്തെ ചെമ്മീൻകെട്ട് നടത്തിപ്പുകാർക്കും ചീനവലക്കാർക്കും കർഷകർക്കും ബുദ്ധിമുട്ടാവുകയും ചെയ്തു. പത്രവാർത്തകൾക്കും നാട്ടുകാരുടെ മുറവിളികൾക്കുമൊടുവിലാണ് ഇവിടെ വീതിയേറിയ പുതിയ പാലം നിർമിച്ചത്. ഇതിനു ശേഷവും പുതിയ പാലം നിലനിർത്തിയത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു.