വഴിയോര കച്ചവടക്കാരെ ആലുവ നഗരസഭ വീണ്ടും ഒഴിപ്പിച്ചു

Mail This Article
ആലുവ∙ ബൈപാസ് മേൽപാലത്തിനു താഴെ മാർക്കറ്റ് സർവീസ് റോഡിലെ വഴിയോര കച്ചവടക്കാരെ നഗരസഭ വീണ്ടും ഒഴിപ്പിച്ചു. ലോട്ടറി, തട്ടുകട, പഴക്കട തുടങ്ങിയവ നടത്തുന്നവരെയാണ് പൊലീസ് സഹായത്തോടെ നീക്കിയത്. ഒരു മാസത്തിനുള്ളിൽ അഞ്ചാം തവണയാണ് ഇവിടെ ഒഴിപ്പിക്കൽ നടക്കുന്നത്. നടപടി പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതിന്റെ പിന്നാലെ വഴിവാണിഭം വീണ്ടും തുടങ്ങും. അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ വനിത ഉദ്യോഗസ്ഥർക്കു നേരെ കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായി.
സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രധാന പ്രതിയെ പിടികൂടിയിട്ടില്ല. വഴിവാണിഭം മൂലം സർവീസ് റോഡിൽ ഇരുവശത്തേക്കും വാഹനങ്ങൾ ഓടിക്കാൻ ബുദ്ധിമുട്ടാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഇവിടെ വഴിയോര കച്ചവടം നടത്തുന്നതു ഹൈക്കോടതി നിരോധിച്ചിരുന്നു. ഇതിന്റെ അറിയിപ്പു രേഖപ്പെടുത്തിയ ബോർഡിനു ചുവട്ടിലും കച്ചവടം പൊടിപൊടിക്കുന്നു എന്നതാണ് വിചിത്രം.