പകർച്ചവ്യാധികൾ തടയുന്നതിന് പരിശോധന കർശനമാക്കാൻ തീരുമാനം
Mail This Article
കൊച്ചി∙ പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന് പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കുന്നതിനായി പൊതുജനാരോഗ്യ സമിതി കൂടി തീരുമാനിച്ചു. ജില്ലയിലെ പകർച്ചവ്യാധികളുടെ സ്ഥിതിവിവരങ്ങൾ യോഗം വിലയിരുത്തി. ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണത്തോടൊപ്പം പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. ഫ്ലാറ്റുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികളുടെ പരിശോധന, ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധന , കുടിവെള്ളത്തിന്റെ ക്ലോറിനേഷൻ എന്നിവ ഉറപ്പാക്കുന്നതിന് പരിശോധന കർശനമാക്കുവാൻ പോലീസ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് പറഞ്ഞു.
ജില്ലയിൽ പ്രധാനമായും തൃക്കാക്കര മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, തിരുവാണിയൂർ, ഏലൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ഹെപ്പറ്റൈറ്റിസ് എ വർദ്ധന ഉണ്ടാകുന്നുണ്ടെന്നും ജില്ലയിൽ ഡെങ്കുകേസുകൾ കഴിഞ്ഞ മാസത്തേക്കാളും കുറഞ്ഞിണ്ടെന്നും യോഗം വിലയിരുത്തി.
അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനശക്തമാക്കുന്നതിനും തീരുമാനിച്ചു അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജപേരിൽ ഹെൽത്ത് കാർഡ് എടുക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുള്ള സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിന് സമിതി തീരുമാനിച്ചു.
മഞ്ഞപ്പിത്തം പടരുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറി, കൗൺസിലർമാർ, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ലൈസെൻസ് / പെർമിറ്റ് ജലപരിശോധനാ റിപ്പോർട്ട് എന്നിവയില്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് പോലീസ് വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനം ആയി. ഫ്ലാറ്റുകളിലെയും മറ്റ് പ്രധാന കുടിവെള്ളസ്രോതസ്സുകളിലെയും വീടുകളിലെ കിണർ വെള്ളത്തിന്റെയും ക്ലോറിനേഷൻ കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനും ജില്ലാ കളക്ടർ NSK ഉമേഷ് ഉപാദ്ധ്യക്ഷനുമായ പൊതുജനാരോഗ്യ സമിതിയിൽ മെമ്പർ സെക്രെട്ടറിയായ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .ആശാദേവി,ഗവ മെഡിക്കൽ കോളേജ് കളമശ്ശേരി പ്രിൻസിപ്പൽ ഡോ അനിൽകുമാർ പി ,ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഗീതാദേവി പി ജി, തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.