മണ്ണുമായി പോയ വലിയ ലോറി മറിഞ്ഞ് 3 പേർക്ക് പരുക്ക്

Mail This Article
കോലഞ്ചേരി ∙ വളയൻചിറങ്ങര ഐടിസിക്കു മുൻപിൽ മണ്ണുമായി പോയ വലിയ ലോറി മറിഞ്ഞു 2 വിദ്യാർഥികൾക്കും ഡ്രൈവർക്കു പരുക്ക്. ഡ്രൈവർ പറവൂർ മാഞ്ഞാലി അഖിൽ (25), ഐടിസിയിലേക്കു വരികയായിരുന്ന ഒന്നാം വർഷം വിദ്യാർഥികളായ ആദിത്യ ചന്ദ്രൻ (18), ജോയൽ ജൂലിയറ്റ് (18) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് കല്ലും മണ്ണും വീണാണ് വിദ്യാർഥികൾക്കു പരുക്കേറ്റത്. വിദ്യാർഥികളുടെ പരുക്ക് ഗുരുതരമല്ല. എൻഎസ് ഐടിസിക്കു മുൻപിൽ രാവിലെ 9ന് ആയിരുന്നു അപകടം.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.നിർമാണ സാമഗ്രികളുമായി നിരത്തിലൂടെ അമിത വേഗത്തിൽ ഓടുന്ന ലോറികൾ വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഭീഷണിയാകുന്നു. വിദ്യാലയങ്ങളിൽ കുട്ടികൾ എത്തുന്ന രാവിലെ 9നും 10നും ഇടയിലും സ്കൂൾ വിടുന്ന വൈകിട്ട് 3.30നും 4.30നും ഇടയിലും ഭാരവണ്ടികൾ ഓടിക്കരുതെന്നാണ് ചട്ടമെങ്കിലും അതു പലപ്പോഴും പാലിക്കുന്നില്ല.
ഇന്നലെ രാവിലെ വളയൻചിറങ്ങരയിൽ മണ്ണ് ലോഡുമായി പോയ ലോറി മറിഞ്ഞ് 2 വിദ്യാർഥികൾക്കു പരുക്കേറ്റത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 12 ചക്രങ്ങളുള്ള വലിയ ലോറികൾ അമിത ലോഡുമായി പോകുന്നത് റോഡ് തകരാനും കാരണമാകുന്നുണ്ട്. വേനൽക്കാലമായതോടെ നിർമാണ പ്രവൃത്തികൾ വർധിച്ചതാണ് ലോറികൾ ചട്ടം ലംഘിച്ച് ഓടുന്നതിന് ഇടയാക്കുന്നത്. മണ്ണ്, കല്ല്, മെറ്റൽ തുടങ്ങിയവ ശരിയായി മൂടാതെ റോഡിലൂടെ പോകുന്നതു പൊടി ശല്യത്തിനും കാരണമാകുന്നു.