ഇൻസ്റ്റലേഷൻ മോഷണം: ആക്രി പെറുക്കുകാർക്ക് പിഴ 10,000 രൂപ

Mail This Article
മരട് ∙ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മരട് നഗരസഭ സ്ഥാപിച്ച ഇൻസ്റ്റലേഷനിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ മോഷ്ടിച്ച ആക്രി പെറുക്കുകാർ പിടിയിൽ. അതിഥിത്തൊഴിലാളികളായ ഇസ്മായിൽ, മിറാജ് എന്നിവരാണ് പിടിയിലായത്. മരട് നഗരസഭ ആരോഗ്യ വിഭാഗം 10,000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കളുടെ അമിതോപയോഗം ഭാവിയിൽ ശുദ്ധജലത്തിൽ പ്ലാസ്റ്റിക് അംശം കടന്നുകൂടുമെന്ന സന്ദേശവുമായി ടാപ്പ് തുറക്കുമ്പോൾ ജലത്തോടൊപ്പം പ്ലാസ്റ്റിക് വരുന്ന രീതിയിൽ പാഴായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് തയാറാക്കിയ ഇൻസ്റ്റലേഷനിലെ കുപ്പികളാണ് മോഷ്ടിച്ചത്.
ചൊവ്വാഴ്ച സ്ഥാപിച്ച 20 അടി ഉയരമുള്ള ഇൻസ്റ്റലേഷനിൽ ഇന്നലെ ഉച്ചയോടെ ആയിരുന്നു മോഷണം. കുപ്പികൾ അഴിച്ചെടുത്ത് ചാക്കിൽ ആക്കുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഉടനെത്തി ഇവരെ പിടികൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി പിഴ ചുമത്തി. നശിപ്പിക്കപ്പെട്ട ഭാഗങ്ങൾ നഗരസഭാ കണ്ടിൻജൻസി ജീവനക്കാരെത്തി പുനർ നിർമിച്ചു.