ലഹരി പുകയും കാലം; ഗവ. പോളിടെക്നിക് ക്യാംപസ് സാമൂഹികവിരുദ്ധരുടെ താവളം

Mail This Article
കളമശേരി ∙ ഗവ.പോളിടെക്നിക് ഹോസ്റ്റലിന്റെ നിയന്ത്രണത്തിനു 2 റസിഡന്റ് ട്യൂട്ടർമാരുണ്ട്, ചുറ്റുമതിലും ഗേറ്റുമുണ്ട്, സെക്യൂരിറ്റിയും വാച്ച്മാനും ഉണ്ട്. പക്ഷേ, 51 ഏക്കർ ക്യാംപസിൽ സാമൂഹിക വിരുദ്ധർക്കു വിഹരിക്കാൻ എല്ലാ സാഹചര്യവുമുണ്ടെന്ന് ഒറ്റനോട്ടത്തിൽ ബോധ്യമാവും.
വർഷങ്ങളായി നിർമാണം സ്തംഭിച്ചു കിടക്കുന്ന ഓഡിറ്റോറിയം, ഉപയോഗിക്കാതെ ജീർണിച്ചു കിടക്കുന്ന പഴയ ക്വാർട്ടേഴ്സുകൾ എന്നിവയാണ് സാമൂഹികവിരുദ്ധർക്ക് താവളമൊരുക്കുന്നത്. നൂറ്റാണ്ടു പഴക്കമുള്ളതും ഉപയോഗിക്കാൻ കഴിയാത്തതുമായ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റണമെന്നും ഓഡിറ്റോറിയതിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് താൽപര്യം കാണിക്കുന്നില്ല.
ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിൽ അടച്ചുപൂട്ടുണ്ടായിട്ടും സാമൂഹിക വിരുദ്ധർ താമസം തുടങ്ങിയ കാര്യം പുറത്തറിയുന്നത് കെട്ടിടത്തിനു മുകളിൽ നിന്നു ഒരാൾ വീണ് അപകടം ഉണ്ടായ ശേഷമാണ്.റസിഡന്റ് ട്യൂട്ടർമാർ മെസിന്റെ കണക്കും 10 മണിക്കു ഹോസ്റ്റലിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ഗ്രില്ലടക്കുന്നതും മറ്റുമാണ് ശ്രദ്ധിക്കുന്നത്.
ക്യാംപസിൽ രാത്രി പുറത്തു നിന്നുള്ളവരുടെയും സാന്നിധ്യമുണ്ടെന്ന് അധ്യാപകരും പൊലീസും സമ്മതിക്കുന്നു. ഹോസ്റ്റലിനു പുറത്തും മൈതാനത്തിനു സമീപത്തെ കാടിനുള്ളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ അടയാളങ്ങൾ കാണാം. ചിലയിടങ്ങളിൽ ചുറ്റുമതിൽ തകർന്നു കിടപ്പുണ്ട്.
1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് 2.35 കോടി രൂപ ചെലവിട്ട് ഒരു ദശാബ്ദം പിന്നിട്ടിട്ടും പൂർത്തിയാകാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കെട്ടിടം ലക്ഷ്യത്തിലെത്തിക്കാൻ 10.5 കോടി രൂപ േവണമെന്നാണു പൊതുമരാമത്ത് വകുപ്പ് ഒടുവിൽ നൽകിയ എസ്റ്റിമേറ്റിൽ പറയുന്നത്. പണിതീരാത്ത കെട്ടിടം തെരുവുനായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും സുരക്ഷിത കേന്ദ്രമായി നിലകൊള്ളുകയാണ്.

ആർട്സ് ഡേ വേളയിൽ വിദ്യാർഥി താഴെ വീണതിലും ദുരൂഹത
കളമശേരി ∙ പൊലീസ് പെരിയാർ ഹോസ്റ്റൽ റെയ്ഡ് നടത്തുന്നതിനു കൃത്യം ഒരുമാസം മുൻപ് ആർട്സ് ഡേയോട് അനുബന്ധിച്ചു ഗവ.പോളിടെക്നിക് കോളജിലെ പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മുകളിൽ നിന്നു മേൽക്കൂര തകർന്നു താഴെ വീണു മൂന്നാം വർഷ വിദ്യാർഥിക്കു ഗുരുതര പരുക്കേറ്റിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 13ന് രാത്രി ഒരുമണിക്കായിരുന്നു സംഭവം. ബോധരഹിതനായ വിദ്യാർഥിയെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്നു 2 മാസം പിന്നിടുമ്പോഴും വിദ്യാർഥി പൂർണ ആരോഗ്യവാനായിട്ടില്ല.കോളജിന്റെ ഭരണവിഭാഗം ഓഫിസിന്റെ പൂട്ടിക്കിടന്ന ഗ്രില്ലുകൾ മറികടന്നു കെട്ടിടത്തിന്റെ മുകളിൽ വിദ്യാർഥികൾ കയറിയതെന്തിനെന്ന് അറിയില്ലെന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹോസ്റ്റലിൽ താമസമില്ലാത്ത വിദ്യാർഥികളുടെയും പുറമേനിന്നുള്ളവരുടെയും സാന്നിധ്യം രാത്രികാലങ്ങളിൽ ക്യാംപസിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിനു ശേഷമാണ് ഈ കെട്ടിടത്തിനു മുകളിൽ വിദ്യാർഥികൾ താമസിക്കുന്നുണ്ടെന്നു അധികൃതർ അറിയുന്നത്.ക്യാംപസിൽ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും ഉണ്ടെന്നു മറ്റു വിദ്യാർഥികളും മാതാപിതാക്കളും പരാതിപ്പെട്ടിരുന്നു. ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചതിനെത്തുടർന്നാണു കളമശേരി കേന്ദ്രീകരിച്ചു ഡാൻസാഫ് ടീമിന്റെ നിരീക്ഷണം ശക്തമാക്കിയത്.