ചൂടു കൂടി, കടലിൽ മീനില്ല; അയലയും ചാളയും പകുതിപോലും കിട്ടാനില്ല

Mail This Article
ചെല്ലാനം∙ ചൂട് കനത്തതോടെ കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയാകുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സുലഭമായി കിട്ടിക്കൊണ്ടിരുന്ന അയലയും ചാളയും പകുതിപോലും കിട്ടാനില്ല. കടലിൽ പോകുന്ന നല്ലൊരുഭാഗം പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഒഴിഞ്ഞ വള്ളങ്ങളുമായാണ് തിരികെ എത്തുന്നത്. സമുദ്ര താപനിലയിലുണ്ടായ ചെറിയ മാറ്റം പോലും മത്സ്യസമ്പത്തിനെ ബാധിക്കുന്നു. താപനില വർധിക്കുമ്പോൾ തീരക്കടലിൽ നിന്ന് മത്സ്യങ്ങൾ പോകുന്നു. മാത്രമല്ല, പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ചെറു കണ്ണിയുള്ള വല ഉപയോഗിച്ചുള്ള രാത്രികാല മിനി ട്രോളിങ്ങും മത്സ്യസമ്പത്ത് കുറയാൻ കാരണമാക്കി.
ആലപ്പുഴയിലെ അർത്തുങ്കൽ മുതൽ കൊച്ചി വരെയുള്ള ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. ദിവസവും കടലിൽ പോയി ഒന്നും ഇല്ലാതെ തിരിച്ചു വരുമ്പോൾ ഇന്ധന ചെലവ് ഉൾപ്പെടെ 15000 മുതൽ 30000 രൂപ വരെ ചെലവാകുന്നതായി തൊഴിലാളികൾ പറയുന്നു. നഷ്ടം സഹിച്ച് ഇനിയും കടലിൽ പോകാൻ കഴിയില്ല. ഈ മേഖലയോടനുബന്ധിച്ചു തൊഴിലെടുക്കുന്ന മറ്റൊരു ജനവിഭാഗവും പ്രതിസന്ധിയിലാണ്.
നിരോധിത വല ഉപയോഗിച്ച് മീൻപിടിത്തം
നിരോധിത പെയർ പെലാജിക് വലകൾ ഉപയോഗിച്ച് ട്രോളിങ് ബോട്ടുകൾ തീരക്കടലിൽ മീൻപിടിക്കുന്നത് മത്സ്യലഭ്യത കുറയാൻ കാരണമായതായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ചെറു മത്സ്യങ്ങൾ കൂട്ടത്തോടെയാണ് ഈ വലകളിൽ കുടുങ്ങുന്നത്. കൊച്ചി തീരക്കടലിൽ ഇത്തരത്തിലെ വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമാണ്. ചെറു വല ഉപയോഗിച്ച് രാത്രികാലങ്ങളിൽ നടത്തുന്ന മിനി ഫിഷിങ് നിരോധിക്കണമെന്നും തൊഴിലാളികൾ പറയുന്നു.