പെരിയാർ ഹോസ്റ്റലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല

Mail This Article
കളമശേരി ∙ ഗവ. പോളിടെക്നിക് കോളജിലെ പെരിയാർ ഹോസ്റ്റൽ പ്രവർത്തിക്കുന്നതു ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ. വിദ്യാർഥികളുടെ മുറികളിൽ നിന്നു കഞ്ചാവു പിടികൂടിയ ഈ കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പോളിടെക്നിക്കിലെ കഞ്ചാവു വ്യാപാരം ഈ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു. 123 പേർക്കു താമസിക്കാൻ ഇടമുള്ള ഈ ഹോസ്റ്റലിൽ ഇപ്പോൾ താമസിക്കുന്നതു 60 പേർ മത്രം. ബാക്കി മുറികൾ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയാണ്.കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടതു പൊതുമരാമത്തു വകുപ്പാണ്.
ഇതിനായി ഉടൻ അപേക്ഷ സമർപ്പിക്കുമെന്നു പ്രിൻസിപ്പൽ ഡോ. ഐജു തോമസ് പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ പെരിയാർ ഹോസ്റ്റൽ അടുത്ത അധ്യയന വർഷം വിദ്യാർഥികൾക്ക് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകാൻ കോളജിലെ സിവിൽ വിഭാഗത്തിനു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണിലാണു വിദ്യാർഥികൾക്കു ഹോസ്റ്റൽ പ്രവേശനം അനുവദിക്കുന്നത്.
മാറാല പൊതിഞ്ഞ മൾട്ടി ജിംനേഷ്യം
പെരിയാർ ഹോസ്റ്റലിനോടു ചേർന്നുള്ള മൾട്ടി ജിംനേഷ്യം മാറാല മൂടി ശുചിത്വമില്ലാതെ കിടക്കുകയാണ്. ഇതിനകത്തെ ഉപകരണങ്ങളും ഉപയോഗിക്കാതെ കിടന്നു നശിക്കുന്നു. ഫിസിക്കൽ ഇൻസ്ട്രക്ടറുടെ ഓഫിസ് പ്രവർത്തിക്കുന്നത് ഇതിനു സമീപത്താണ്. 2011ലാണ് മൾട്ടി ജിംനേഷ്യം കോളജിൽ നിർമിച്ചത്.