മൂവാറ്റുപുഴയിൽ 15 മുതൽ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്കു രാത്രി മാത്രം യാത്രാനുമതി

Mail This Article
മൂവാറ്റുപുഴ ∙ റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം മുതൽ പിഒ ജംക്‌ഷൻ വരെയുള്ള എംസി റോഡ് 15 മുതൽ ഭാഗികമായി അടച്ചിടും. ഭാരവാഹനങ്ങൾക്കു രാത്രി മാത്രമാകും യാത്രാനുമതി. മൂവാറ്റുപുഴ നഗരത്തിലെ ഉപറോഡുകളിൽ ഉൾപ്പെടെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബസുകൾ അടക്കം എല്ലാ വാഹനങ്ങൾക്കും റോഡ് നിർമാണം പൂർത്തിയാകുംവരെയാണു ഗതാഗത ക്രമീകരണം. 3 മാസമെങ്കിലും കർശന നിയന്ത്രണം വേണ്ടിവരുമെന്നാണു കരുതുന്നത്.
∙ തടിലോറികൾ രാത്രി 8 വരെ മൂവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
∙ കൂത്താട്ടുകുളം ഭാഗത്തു നിന്ന് എറണാകുളം, പെരുമ്പാവൂർ, ആലുവ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കായനാട്, ഊരമന വഴി പെരുവംമൂഴിയിൽ എത്തി ദേശീയപാതയിലൂടെ സഞ്ചരിക്കണം.
∙ തൊടുപുഴ ഭാഗങ്ങളിൽ നിന്ന് എറണാകുളം, തൃശൂർ, കോതമംഗലം, ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ നിർമല ഹൈസ്കൂൾ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് ആരക്കുഴ നാസ് റോഡ് വഴി എംസി റോഡിൽ പ്രവേശിച്ച് പിഒ ജംക്‌ഷൻ, കച്ചേരിത്താഴം വഴി പോകണം.
∙ കോതമംഗലം, കാളിയാർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ബിസ്മി ജംക്‌ഷനിൽ ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര ജംക്‌ഷനിലെത്തി വലിയ വാഹനങ്ങൾ കോട്ട റോഡ് വഴിയും സ്വകാര്യ ബസുകൾ ഈസ്റ്റ് ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് അടൂപ്പറമ്പിലും എത്തണം.
∙ എറണാകുളം ഭാഗത്തു നിന്നു തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ പെരുവംമൂഴിയിൽ നിന്നു തിരിഞ്ഞ് ഊരമന, കായനാട് വഴി എംസി റോഡിൽ മാറാടിയിലെത്തി യാത്ര തുടരാം.
∙ പെരുമ്പാവൂർ, ഭാഗത്തു നിന്നു കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്കു പോകുന്ന ചെറുവാഹനങ്ങൾ എംസി റോഡ്, വാഴപ്പിള്ളി ലിസ്യു റോഡ് വഴി ഇഇസി മാർക്കറ്റ് റോഡിലെത്തി യാത്ര തുടരണം.
∙ വൺവേ ജംക്‌ഷനിൽ നിന്നു കീച്ചേരിപ്പടി ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല.