പൂത്തുലഞ്ഞ് കണ്ടനാട് സൂര്യകാന്തിപ്പാടം; കാണാനെത്തി നടൻ ശ്രീനിവാസൻ

Mail This Article
കണ്ടനാട് ∙ വർഷങ്ങൾക്കു മുൻപ് താൻ കൃഷിയിറക്കിയ ഭൂമിയിൽ വിടർന്നു നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാൻ നടൻ ശ്രീനിവാസൻ എത്തി. കനത്ത ചൂടിലും കണ്ണിനു കുളിരേകി സൂര്യകാന്തിപ്പൂക്കൾ നിറയുന്ന കണ്ടനാട് പാടത്തിലേക്കാണു ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും എത്തിയത്. നാടൻ പാട്ട് പാടിയും പൊട്ടിച്ചിരിച്ചും നാട്ടുകാർക്ക് ഒപ്പം ഇരുവരും കൂടി. കൃഷിയെക്കുറിച്ച് പറയുമ്പോൾ പഴയ ആവേശം വീണ്ടും ശ്രീനിവാസനിലേക്ക് എത്തും. കൂട്ടത്തിലൊരാൾ പാട്ട് പാടി കഴിഞ്ഞപ്പോൾ ‘നന്നായി പാടി, എനിക്ക് പാട്ട് അറിയില്ല. അതു കൊണ്ടു ഞാൻ പാടിയില്ല.’ തമാശ രൂപേണയുള്ള അഭിനന്ദനം.
വിളവെടുപ്പ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കണ്ടനാട് പാടത്ത് നെൽക്കൃഷിയാണു പ്രധാനം. ഇടവേളകളിലാണു പച്ചക്കറികൾ അരങ്ങ് തകർക്കുന്നത്. പാവയ്ക്ക, പീച്ചിങ്ങ, ചുരയ്ക്ക, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും ഉള്ളത്. വിഷുക്കണിക്കുള്ള വെള്ളരി മൂപ്പെത്തി. തണ്ണിമത്തനും കണി വെള്ളരിയും ഷമാമും ഇവിടെയുണ്ട്. വിളവെടുക്കുന്ന പച്ചക്കറിയും പഴവർഗങ്ങളും ഇവിടെ എത്തിയാൽ വാങ്ങാം. ഇവിടെ കൃഷി ചെയ്ത അരിയും ഇവിടെ വിൽപനയ്ക്കുണ്ട്. ഒരേക്കർ സ്ഥലത്താണ് ഇത്തവണ സൂര്യകാന്തി കൃഷി. മനു ഫിലിപ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ തുടങ്ങിയവർ ചേർന്നാണ് വർഷങ്ങളായി ഇവിടെ കൃഷി ഇറക്കുന്നത്.