വേനൽ മഴ: ദേശീയപാത സർവീസ് റോഡ് വെള്ളത്തിൽ

Mail This Article
ചേരാനല്ലൂർ ∙ വേനൽ മഴയിൽ ദേശീയപാതയിലെ സർവീസ് റോഡുകളും ബസ് സ്റ്റോപ്പുകളും വെള്ളക്കെട്ടിലായതു ആശങ്ക ഉയർത്തുന്നു.മഞ്ഞുമ്മൽ കവല മുതൽ വരാപ്പുഴ കൂനമ്മാവ് കാവിൽനട വരെയുള്ള ഭാഗത്താണു ദേശീയപാതയുടെ സർവീസ് റോഡിൽ വെള്ളക്കെട്ടുള്ളത്. നിലവിൽ ബസ് സ്റ്റോപ്പുള്ള പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രികർക്കു ബസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം ഒഴുകി പോകാനുള്ള കാനകളുടെ അശാസ്ത്രീയ നിർമാണം മൂലമാണു വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഭാവിയിൽ ഇതു വലിയ പ്രതിസന്ധികൾക്കു ഇടയാക്കുമെന്നു സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു.
പലയിടങ്ങളിലും സർവീസ് റോഡിലും ഉയരത്തിലാണു കാന നിർമിച്ചിരിക്കുന്നതെന്നു മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഫ്ലൈഓവറിൽ നിന്നു സർവീസ് റോഡുകളിലേക്കു വീഴുന്ന വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കാത്തതിനാലും പ്രതിഷേധം ശക്തമാണ്. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സമര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.