ഐസലേഷൻ വാർഡ് നിർമാണത്തിലെ അപാകത: എല്ലാം ശരിയാക്കിയെന്ന് സർക്കാർ

Mail This Article
കൂത്താട്ടുകുളം∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഐസലേഷൻ വാർഡ് നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് നിർമാണ കമ്പനിയെ വെള്ള പൂശുന്ന മറുപടിയുമായി സർക്കാർ. കിഫ്ബിയും കെഎംഎസ്‌സിഎലും പരിശോധന നടത്തി ഐസലേഷൻ വാർഡിലെ അറ്റകുറ്റപ്പണികൾ നിർമാണ ഏജൻസിയായ തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി മുഖാന്തരം പരിഹരിച്ചു എന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ മറുപടി. കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ ബോബൻ വർഗീസാണ് പരാതി നൽകിയത്. തകരാറിലായിരുന്ന 2 ശുചിമുറികൾ നന്നാക്കിയതൊഴികെ ആശുപത്രിയിലെ പ്രധാന അപാകതകൾ പരിഹരിച്ചിട്ടില്ല. വാർഡിൽ ഇതുവരെ വൈദ്യുതി കണക്‌ഷൻ നൽകിയിട്ടില്ല.
ഇതിനായി ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് കെഎസ്ഇബി 3 തവണ എസ്റ്റിമേറ്റ് നൽകിയിട്ടും നിർമാണ കമ്പനി തുക അടച്ചില്ല. താൽക്കാലിക വൈദ്യുതി കണക്‌ഷനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഓക്സിജൻ നൽകിയിരിക്കുന്ന രോഗികളിൽ ഓക്സിജൻ ലെവൽ കുറഞ്ഞാൽ സൂചന നൽകുന്ന മെഡിക്കൽ ഓക്സിജൻ അലർട്ട് ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഫയർ എൻഒസി ലഭിച്ചിട്ടില്ല. ഇൻവർട്ടറും പല ഫാനുകളും പ്രവർത്തിക്കുന്നില്ല. ഫാനിന്റെ റഗുലേറ്ററുകൾ ഇളകി വീണ നിലയിലാണ്. ഓട്ടോ ക്ലേവ് മെഷീൻ, സക്‌ഷൻ യൂണിറ്റ് എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. വലുപ്പം കുറഞ്ഞ വാഷ്ബേസിനുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ രോഗികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്.
മറുപടിയിലും അപാകത
പരാതിയുടെ വിശദീകരണമായി അപാകതകൾ സംബന്ധിച്ച വിവരം ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകിയത് 2025 മാർച്ച് ഏഴിനാണ്. എന്നാൽ 2025 ഫെബ്രുവരി രണ്ടിന് അഡീഷനൽ ചീഫ് സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി എന്നതും ശ്രദ്ധേയമാണ്. ആശുപത്രി സൂപ്രണ്ട് വിവരം നൽകും മുൻപ് എങ്ങനെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയെന്ന മറുപടി അഡീഷനൽ ചീഫ് സെക്രട്ടറി നൽകുന്നത് എന്നാണ് ഉയരുന്ന ചോദ്യം. തെറ്റായ വിവരം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ബോബൻ വർഗീസ് മുഖ്യമന്ത്രിക്ക് പരാതി നൽകി.