സജീവമായി വിപണി: നഗരത്തിൽ വിഷുത്തിരക്ക്

Mail This Article
തൃപ്പൂണിത്തുറ ∙ വിഷു പടിവാതിൽക്കലെത്തിയതോടെ സജീവമായി വിപണി. വിഷുക്കണി വയ്ക്കാനുള്ള വിഭവങ്ങളും സദ്യ ഒരുക്കാനുള്ള പച്ചക്കറികളും വാങ്ങാൻ രാവിലെ മുതൽ ആളുകൾ എത്തിത്തുടങ്ങി. മാർക്കറ്റിലും പരിസര പ്രദേശങ്ങളും ഇന്നലെ വൈകിട്ടോടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കണിയൊരുക്കാൻ ഓട്ടുരുളി, കൃഷ്ണവിഗ്രഹം എന്നിവ വിൽക്കുന്ന കടകളിലും തിരക്കനുഭവപ്പെട്ടു. ഉണ്ണിക്കണ്ണന്മാരും കൊന്നപ്പൂക്കളും ചക്കയും മാങ്ങയും നാനാ വർണത്തിലുള്ള പൂക്കളും ഇന്ന് കൂടുതലായി എത്തും. വേനൽച്ചൂട് വിപണിയെ ചില സമയങ്ങളിൽ ബാധിക്കുന്നുണ്ടെങ്കിലും വൈകിട്ടോടെ വിപണി സജീവമാകുന്നുണ്ട്. അവധി ദിനം പ്രമാണിച്ച് ഇന്ന് നഗരത്തിലേക്കു കൂടുതൽ ആളുകൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.
ബെഡ്ഷീറ്റുകൾ, മേശ വിരി, ചെരിപ്പുകൾ, ഫാൻസി ആഭരണങ്ങൾ, വിവിധതരം പാത്രങ്ങൾ എന്നിവ വിൽക്കുന്ന ഇടങ്ങളിൽ ഇന്നലെ തന്നെ തിരക്ക് ഉണ്ടായിരുന്നു. പടക്കവിപണിയും നഗരത്തിൽ സജീവമായിട്ടുണ്ട്. കണിക്കൊന്നപ്പൂക്കൾ തൂക്കി കടകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.പയർ കിലോ 70 രൂപയായിരുന്നു ഇന്നലെ. ബീൻസ് 84, വെണ്ട – 80, കാരറ്റ് – 60, ബീറ്റ്റൂട്ട് – 50, കാബേജ് – 50, മുരിങ്ങ – 80, പടവലം – 70, മത്തൻ – 40, ചേന – 76, ഉരുളക്കിഴങ്ങ് – 40, ഉള്ളി – 60, സവാള – 30, മാങ്ങ – 50, ചക്ക – 50, വഴുതനങ്ങ – 60 എന്നിങ്ങനെയായിരുന്നു വില നിലവാരം. കഴിഞ്ഞ ദിവസം മുതൽ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. രണ്ടും മൂന്നും പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് നഗരത്തിലെ ഓരോ ജംക്‌ഷനിലും ട്രാഫിക് നിയന്ത്രിക്കുന്നത്.