പൈപ്പ് പൊട്ടി; പുഴ പോലെ വഴി

Mail This Article
കോലഞ്ചേരി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വടയമ്പാടിയിൽ ശുദ്ധജല പൈപ്പ് പൊട്ടി. പത്താംമൈലിനും ചൂണ്ടിയ്ക്കും ഇടയിൽ വടയമ്പാടി ആനക്കോട് വളവിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് 300 എംഎം പൈപ്പ് പൊട്ടിയത്. പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി, കിങ്ങിണിമറ്റം, പാലയ്ക്കാമറ്റം, തമ്മാനിമറ്റം, ഐക്കരനാട് പഞ്ചായത്തിലെ കടമറ്റം, പത്താംമൈൽ, പാങ്കോട്, തിരുവാണിയൂർ പഞ്ചായത്തിലെ മോനപ്പിള്ളി, അത്താണി, പാലാപ്പടി, ചെമ്മനാട് പ്രദേശങ്ങളിൽ ജല വിതരണം മുടങ്ങി. ഇന്നു ജല വിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
പൈപ്പ് പൊട്ടി ഒരു മണിക്കൂറോളം ജലം റോഡിലൂടെ കുതിച്ചൊഴുകി. സമീപത്തെ പറമ്പുകളിലേക്കും കിണറുകളിലേക്കും വരെ വെള്ളം എത്തി. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇൗ മേഖലയിൽ ദേശീയപാതയിൽ തുടരെ പൈപ്പ് പൊട്ടുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. അടുത്തയിടെയാണ് ദേശീയപാതയിൽ റീടാറിങ് നടന്നത്. റോഡ് പുനരുദ്ധാരണത്തിനു മുൻപ് പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും നടന്നില്ല. റീ ടാറിങ് നടന്ന ശേഷം പൈപ്പ് പൊട്ടുന്നത് ജനത്തിനു ദുരിതമായി മാറിയിട്ടുണ്ട്.