വാഹനങ്ങൾക്ക് ഭീഷണിയായി പാതയോരത്തെ കോൺക്രീറ്റ് കുറ്റികൾ

Mail This Article
വൈപ്പിൻ∙ മഞ്ഞ നിറം പൂശിയിട്ടും വാഹനങ്ങൾക്ക് ഭീഷണിയായി സംസ്ഥാന പാതയോരത്തെ കോൺക്രീറ്റ് കുറ്റികൾ. വഴി വിളക്കുകൾ സ്ഥാപിക്കാനായി നിർമിച്ചിരിക്കുന്ന ഇവയിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപെടുന്നത് തുടരുന്നു.നേരത്തെ പകൽ സമയത്തും സംഭവിച്ചിരുന്ന അപകടങ്ങൾ ഇപ്പോൾ രാത്രിയിൽ ആണെന്ന് മാത്രം. ഈ സാഹചര്യത്തിൽ ഇവയിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. സംസ്ഥാന പാതയിൽ നടക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് പലയിടങ്ങളിലും വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് കുറ്റികളും ഒരുക്കിയിരിക്കുന്നത്. നടപ്പാതയ്ക്ക് പുറത്ത് റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഇവയിൽ തുടക്കം മുതൽ തന്നെ വാഹനങ്ങൾ തട്ടുന്നത് പതിവായിരുന്നു. നടപ്പാത നിർമിച്ചതിനെ തുടർന്ന് റോഡിന് വീതി കുറഞ്ഞ സ്ഥലങ്ങളിൽ പ്രത്യേകിച്ചും.
വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇത്തരം കുറ്റികളിൽ മഞ്ഞച്ചായം പൂശും എന്നായിരുന്നു അന്ന് അധികൃതർ നൽകിയ ഉറപ്പ്. ഈ ജോലികൾ പലയിടത്തും പൂർത്തിയായിട്ടുമുണ്ട്. എന്നാൽ ഇത്തരം കുറ്റികൾക്കു സമീപം പാർക്കു ചെയ്യുന്ന വാഹനങ്ങൾ പിന്നീടു മുന്നോട്ട് എടുക്കുമ്പോൾ കുറ്റി ഉള്ള കാര്യം അറിയാതെ അതിൽ തട്ടുന്നത് പതിവായിരിക്കുകയാണ്. ഏതാണ്ട് ഒന്നര അടി മാത്രം ഉയരമുള്ള കോൺക്രീറ്റ് കട്ടയ്ക്ക് മുകളിൽ കുറഞ്ഞത് നാലടിയെങ്കിലും ഉയരമുള്ള എന്തെങ്കിലും സ്ഥാപിച്ചാൽ മാത്രമേ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് ആകുകയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ രാത്രികാലത്ത് ഇതും മതിയാവുകയില്ല. ഇടതു വശത്തേക്ക് ഒതുക്കുന്ന വാഹനങ്ങൾ ഇവയിൽ തട്ടാനുള്ള സാധ്യത ഏറെയാണ്. ഇരുവശങ്ങളിലും സ്ഥാപിക്കുന്ന റിഫ്ലക്ടറുകൾ മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.